
ദില്ലി: കേരളത്തിന് എഴുന്നൂറ് കോടി രൂപയുടെ ധനസഹായം നല്കാൻ ഔദ്യോഗിക തീരുമാനമില്ലെന്ന് യുഎഇ. കേരളത്തെ സഹായിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന അറിയിച്ചു.
യുഎഇ ഭരണാധികാരി പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ എഴുന്നൂറ് കോടിയുടെ ധനസഹായം മുന്നോട്ടു വച്ചെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു രാജ്യത്തിൻറെയും ധനസഹായം സ്വീകരിക്കില്ലെന്ന് പിന്നീട് വിദേശകാര്യമന്ത്രാലയം പ്രസ്താവനയും ഇറക്കിയിരുന്നു.
ഇന്ത്യയെ സഹായിക്കാൻ യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായി ഷെയ്ക് മൊഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഒരു അടിയന്തര സഹായസമിതി രൂപീകരിച്ചിട്ടുണ്ടെന്നും. ഈ സമിതി ദുരിതാശ്വാസത്തിന് വേണ്ട ഫണ്ടും സാമഗ്രികളും ശേഖരിച്ചു വരികയാണെന്നുമാണ് യുഎഇ അംബാസിഡര്‍ പറയുന്നത്. അതല്ലാതെ 700 കോടി നല്കുമെന്ന പറഞ്ഞിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽ ബന്ന ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അംബാസിഡറുടെ പ്രസ്താവന പുറത്തുവന്നതോടെ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്. മുഖ്യമന്ത്രി എന്തടിസ്ഥാനത്തിലാണ് തുക പറഞ്ഞതെന്ന് വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേസമയം യുഎഇ നല്‍കുന്ന സഹായം ഇന്ത്യ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇന്ത്യയെ സഹായിക്കാനായി സമിതി രൂപീകരിക്കാനുള്ള യുഎഇ തീരുമാനത്തെ ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രധാനമന്ത്രിയും യുഎഇ ഭരണാധികാരികളുമായുള്ള സംഭാഷണത്തിൽ 700 കോടി എന്ന നിർദ്ദേശം വന്നോയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam