
ദില്ലി: ബുറാരിയിലെ കൂട്ടമരണത്തില്‍ പുറത്ത് നിന്ന് ഒരാള്‍ക്ക് പങ്കുണ്ടെന്ന് മരിച്ചവരുടെ ബന്ധുക്കള്‍. മോക്ഷപ്രാപ്തിക്കായുള്ള കൂട്ടമരണമാണെന്നുള്ള അന്വേഷണ സംഘത്തിന്റെ നിഗമനത്തെ ചോദ്യം ചെയ്യുന്നതാണ് ബന്ധുക്കളുടെ പുതിയ ആരോപണം. ഒരേ കുടുംബത്തിലെ 11 പേരെയാണ് ജൂലൈ ഒന്നിന് മരിച്ച നിലയില്‍ ബുറാരിയില്‍ കണ്ടെത്തിയത്. എന്നാല്‍ മരിച്ചവരില്‍ അമ്പതു വയസുകാരനായ ഭവനേഷ് ഭാട്ടിയ രക്ഷപെടാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. മരിച്ചവരുടെ ശരീരം കിടന്നിരുന്ന രീതിയില്‍ നിന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഇയാള്‍ കൈകളിലേയും കഴുത്തിലേയും കെട്ടുകള്‍ അഴിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍. വീട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ പുറത്തറിയിക്കാന്‍ ഇയാള്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് കെട്ടുകള്‍ അയഞ്ഞ നിലയിലായതെന്നാണ് അന്വേഷണ സംഘം വിശദമാക്കുന്നത്. 11 പേരില്‍ മറ്റാരും തന്നെ മരണത്തോട് അടുത്ത സമയത്ത് പോലും എതിര്‍പ്പ് പ്രകടമാക്കിയിട്ടില്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
കൂട്ടമരണം നടന്ന് ഒരാഴ്ച പിന്നിട്ടും അന്വേഷണം ഒരേ ദിശയില്‍ മാത്രമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണത്തെ മന്ത്രവാദമെന്ന നിഗമനത്തില്‍ അവസാനിപ്പിക്കാതെ പുതിയ അന്വേഷണം വേണമെന്ന അപേക്ഷ ബന്ധുക്കള്‍ പൊലീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ട്. സാധാരണ നിലയില്‍ അടച്ചിട്ട നിലയിലാണ് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലെ പ്രധാന ഗേറ്റ് കാണാറുള്ളത്. എന്നാല്‍ സംഭവദിവസം ഈ ഗേറ്റ് തുറന്ന് കിടന്ന നിലയില്‍ ആയിരുന്നു. ഈ ഗേറ്റിലൂടെ കയറിയ ഒരാളാണ് കൂട്ടമരണത്തിന്റെ വാര്‍ത്ത പുറത്തെത്തിച്ചത്. കൂടാതെ യാതൊരു രീതിയിലുള്ള മന്ത്രവാദവും ഭാട്ടിയ കുടുംബത്തില്‍ ഉണ്ടായിരുന്നതായി വിവരമില്ലെന്ന് ബന്ധുക്കളും അയല്‍വാസികളും വ്യക്തമാക്കുന്നത്.
മരിച്ചവരുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലെങ്കിലും അമ്പത്തിയേഴുകാരിയായ പ്രതിഭയുടെ കഴുത്തില്‍ മുറിവടയാളം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ വിശദമാക്കുന്നു. ലളിത് ഭാട്ടിയയുടേതെന്ന് കണ്ടെത്തിയ ഡയറിക്കുറിപ്പുകളിലെ കൈപ്പട മറ്റ് പലരുടേതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭാട്ടിയ കുടുംബത്തിലെ സിസിടിവിയുടെ വയറുകള്‍ മുറിച്ച നിലയില്‍ ആയിരുന്നതും വീട്ടിലെ നായയെ മുകളിലെ നിലയില്‍ കെട്ടിയ നിലയില്‍ ആയിരുന്നെന്നതും സംഭവദിവസം അവിടെ മരിച്ചവര്‍ അല്ലാതെ മറ്റാരോ ഉണ്ടായിരുന്നെന്ന ബന്ധുക്കളുടെ സംശയത്തെ ഉറപ്പിക്കുന്നതാണ്. ഭിത്തിയില്‍ സ്ഥാപിച്ച പൈപ്പുകള്‍ വീട്ടില്‍ വായു സഞ്ചാരം ഉറപ്പാക്കാനായി സ്ഥാപിച്ചതാണെന്ന് ഇത് സ്ഥാപിച്ച സമയത്ത് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ വിശദമാക്കുന്നു.
കൂട്ടമരണത്തിന് പിന്നില്‍ പുറത്ത് നിന്ന് ആരുടേയോ ഒരാളുടെ പങ്കുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് അത്തരത്തില്‍ ഒരാള്‍ മരണം നടന്ന സമയത്ത് ബുറാരിയില്‍ ഉണ്ടായിരുന്നോയെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണി ദേവി(77), ഇവരുടെ മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം (12), പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരാണു മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam