
മലപ്പുറം: ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി മോഷണങ്ങൾ നടത്തിയ കള്ളൻ പോലീസ് പിടിയിലായി.ചെറിയ കുട്ടികളുടെ സ്വർണ്ണാഭരണങ്ങൾ അതിവിദഗ്ദമായി കൈക്കലാക്കുന്ന കോട്ടക്കൽ പുത്തൂർ സ്വദേശി പാക്കത്ത് മൊയ്തീൻ ആണ് കല്‍പ്പകഞ്ചേരി പോലീസിന്‍റെ പിടിയിലായത്.
വെള്ളിയാഴ്ച്ച ഉച്ച സമയത്താണ് ഇയാൾ പതിവായി മോഷണങ്ങൾ നടത്തിയിരുന്നത്.കല്പകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം പത്തോളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ട്.
പെയ്ന്റിംഗ് കോൺട്രാക്ടറായ മൊയ്തീൻ വീടുകളിൽ ജോലി അന്വേഷിച്ച് ചെല്ലുകയും അവിടെയുള്ള ചെറിയ കുട്ടികളെ മിട്ടായികൾ കൊടുത്ത് വശീകരിക്കുകയും വീട്ടുകാരുടെ ശ്രദ്ധ മാറ്റി തന്ത്രപൂർവ്വം ആഭരണങ്ങൾ പൊട്ടിച്ചെടുക്കുകയുമാണ് ചെയ്തിരുന്നത്. വീട്ടുകാർക്ക് യാതൊരു സംശയവും തോന്നാത്ത രീതിയിലായിരുന്നു ഈ രീതിയിലുള്ള മോഷണത്തിൽ അതിവിദഗ്ദനായ പ്രതിയുടെ പെരുമാറ്റം.
പുത്തനത്താണി അതിരുമടയിലെ ഒരുവീട്ടിൽ ഇത്തരത്തിൽ ഒരു കുട്ടിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുന്നത് കണ്ട കാസറ്‍ഗോഡ് സ്വദേശിനിയായ യുവതി പ്രതിയുടെ സ്കൂട്ടറിന്റെ നമ്പർ നോട്ട് ചെയ്ത് പോലീസിലറിയിക്കുകയായിരുന്നു. യാത്രക്കിടയിൽ ജുമുഅ നമസ്കരിക്കാനായി ഭർത്താവ് പള്ളിയിൽ പോയപ്പോൾ കാറിലിരിക്കുകയായിരുന്നു ഈ യുവതിയുടെ അവസരോചിതമായ ഇടപെടലാണ് ഈ വമ്പൻ മോഷ്ടാവിനെ പിടിക്കാൻ പോലീസിനെ സഹായിച്ചത്.
പ്രതിയുടെ സ്കൂട്ടർ നമ്പർ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എസ് പി ദേബേഷ് കുമാർ ബെഹറയുടെ നിർദേശപ്രകാരം ഡി വൈ എസ് പി എ ജെ ബാബു, സി ഐ കെ എം സുലൈമാൻ, കല്പകഞ്ചേരി എസ് ഐ പി എം ഷമീർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ 40 ഓളം മോഷണങ്ങൾ നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
കൽപകഞ്ചേരി,കാടാമ്പുഴ,തിരൂർ, കോട്ടക്കൽ,മലപ്പുറം,വേങ്ങര,താനൂർ,കൊളത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. എ എസ് ഐ മാരായ രാജൻ,പ്രമോദ്,സന്തോഷ് കുമാർ, സി പി ഒ മാരായ അസീസ്, ജയപ്രകാശ്, രാജേഷ്, അബ്ദുൽ കലാം, ശരീഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ കോടതി റിമാൻറ് ചെയ്തു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam