തിരുവനന്തപുരത്തെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; പഠന റിപ്പോർട്ട്

By Web TeamFirst Published Nov 17, 2019, 12:43 PM IST
Highlights

ജനങ്ങൾക്ക് ശുദ്ധ ജലം കുടിക്കാൻ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് റാം വിലാസ് പസ്വാൻ പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൈപ്പിലൂടെ ലഭിക്കുന്ന കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് പഠന റിപ്പോർട്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നടത്തിയ പഠന റിപ്പോർട്ട് മന്ത്രി റാം വിലാസ് പസ്വാൻ ആണ് പുറത്തുവിട്ടത്. തിരുവനന്തപുരം അടക്കം രാജ്യത്തെ ഇരുപത് സംസ്ഥാന തലസ്ഥാനങ്ങളിലെ പൈപ്പിലൂടെ ലഭിക്കുന്ന ജലം കുടിക്കാനുള്ള നിലവാരമില്ലാത്തവയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 

തലസ്ഥാനത്തെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയയ്ക്ക് പുറമേ ആഴ്സനൈറ്റിന്റെയും സാന്നിധ്യവും കൂടുതലാണെന്നാണ് കണ്ടെത്തൽ. അതേസമയം, മുംബൈയിലെ പൈപ്പ് വെള്ള സംപിളുകൾ എല്ലാ പരിശോധനയിലും നിലവാരമുള്ളതാണെന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാൽ, ദില്ലിയിൽ നിന്നെടുത്ത പതിനൊന്ന് സംപിളുകളും ​ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു.

ജനങ്ങൾക്ക് ശുദ്ധ ജലം കുടിക്കാൻ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് റാം വിലാസ് പസ്വാൻ പറഞ്ഞു. അടുത്ത വർഷം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ജലത്തിന്റെ സാംപിളുകൾ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജലത്തിന്റെ വൈറോളജി, മൈക്രോബയോളജി മാനദണ്ഡങ്ങളുടെ പരിശോധനാഫലങ്ങൾ വന്നിട്ടില്ല.

ദില്ലിയിൽ നിന്ന് പതിനൊന്ന് സാംപിളുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പത്ത് സാംപിളുകളുമാണ് പരിശോധനക്കായി എടുത്തത്. തിരുവനന്തപുരത്തിന് പുറമേ ചണ്ഡി​ഗഡ്, പട്ന, ഭോപാൽ, ​ഗുവാഹത്തി, ബെം​ഗളൂരു, ​ഗാന്ധിന​ഗർ, ലക്നൗ, ഡെറാഡൂൺ, ജമ്മു, ജയ്പൂർ, ചെന്നൈ, കൊൽക്കത്ത എന്നീ ​ന​ഗരങ്ങളിൽ നിന്നെടുത്ത സാംപിളുകളും പരിശോധനയിൽ പരാജയപ്പെട്ടു. അമരാവതിയിലെ ആറ് സാംപിളുകളും റായ്പൂരിലെ അഞ്ച് സാംപിളുകളും നിലവാരമില്ലാത്തതായിരുന്നു. ഒരേ മാനദണ്ഡ പരിശോധനയിലാണ് ഹൈദരാബാദ്, ഭുവനേശ്വർ, റാ‍ഞ്ചി എന്നിവിടങ്ങളിലെ സാംപിളുകൾ പരാജയപ്പെട്ടത്.

click me!