തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന്; ശബരിമല കേസ് നാളെ സുപ്രീം കോടതിയിൽ

By Web TeamFirst Published Feb 5, 2019, 6:41 AM IST
Highlights

ശബരിമല കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലുള്ള  ദേവസ്വം കമ്മീഷണര്‍ മടങ്ങിയെത്തിയ ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ തന്ത്രിയുടെ വിശദീകരണം പരിഗണിക്കുകയുള്ളു

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കാരണം കാണിക്കല്‍ നോട്ടീസിനുള്ള തന്ത്രി കണ്ഠരര് രാജീവരുടെ വിശദീകരണം ഇന്ന് ചര്‍ച്ചയാകില്ല. ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി വിശദീകരണം നല്‍കിയത്.

ശബരിമല കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലുള്ള  ദേവസ്വം കമ്മീഷണര്‍ മടങ്ങിയെത്തിയ ശേഷം ചേരുന്ന ബോര്‍ഡ് യോഗത്തില്‍ മാത്രമേ തന്ത്രിയുടെ വിശദീകരണം പരിഗണിക്കുകയുള്ളു. 

യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നട അടച്ച് ശുദ്ധിക്രിയ ചെയ്തത് ശരിയായ നടപടിയെന്നാണ് തന്ത്രി കണ്ഠര് രാജിവരുടെ വിശദീകരണം. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയതെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ കണ്ഠര് രാജീവര് പറഞ്ഞിരുന്നു. 

ശുദ്ധിക്രിയകള്‍ നടത്തിയത് ഏതെങ്കിലും നിഗമനത്തിന്‍റെയോ ഊഹാപോഹത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. മറിച്ച് ആപത്സൂചകമായ അനര്‍ത്ഥങ്ങള്‍ സംഭവിച്ച പശ്ചാത്തലത്തിലാണ്. തുലാമാസ പൂജ കാലത്തും ചിത്തിര ആട്ട വിശേഷത്തിനും ഇത്തരം സംഭവങ്ങളുണ്ടായി. ഇങ്ങനെയുണ്ടായാല്‍ തന്ത്രശാസ്ത്ര വിധിപ്രകാരം ക്ഷേത്രമാഹാത്മ്യം പുനസ്ഥാപിക്കാനും ദേവചെതൈന്യപുഷ്ഠിക്കുമായി പ്രായശ്ചിത്ത പുണ്യാഹാദി ശുദ്ധിക്രിയകള്‍ അനിവാര്യമാണെന്നും തന്ത്രി വിശദീകരിച്ചിരുന്നു. 

നട തുറന്ന ഡിസംബര്‍ 31 ന് പൂജകൾ ഒന്നും  ഇല്ലാതിരുന്നതിനാലും ഒന്നാം തീയതി വലിയ തിരക്ക് ഉണ്ടായിരുന്നതിനാലും 2-ാം തിയതി ശുദ്ധി ക്രിയ നടത്തുകയായിരുന്നു. അല്ലാതെ യുവതി പ്രവേശത്തെ തുടര്‍ന്നാണ് നടയടച്ചതെന്ന വാദം തെറ്റാണെന്നുമായിരുന്നു തന്ത്രിയുടെ വിശദികരണം.

click me!