പത്ത് കോടിയുടെ തിരുവോണം ബംപര്‍ തൃശ്ശൂരിലെ വീട്ടമ്മയ്ക്ക്

By Web TeamFirst Published Sep 20, 2018, 1:31 PM IST
Highlights

സാധാരണ ഫലം വരുമ്പോള്‍ താഴെയുളള സമ്മാനം ആര്‍ക്കാണെന്നാണ് ആദ്യം നോക്കാറുളളത്. ഇത്തവണ ആദ്യം കണ്ണ് പോയത് 10 കോടിയിലേക്ക് തന്നെ. ഫലം കണ്ടതോടെ ഞെട്ടിപ്പോയി.

തൃശ്ശൂര്‍: സംസ്ഥാന സര്‍ക്കാരിൻറെ 10 കോടി രൂപയുടെ തിരുവോണം ബംബര്‍ അടിച്ചത് തൃശൂര്‍ അടാട്ട് സ്വദേശിനി വല്‍സല വിജയന്.വര്‍ഷങ്ങളായി വാടകവീട്ടില് കഴിയുന്ന വിധവയായ വത്സലയ്ക്ക് സ്വന്തമായൊരു വീട് വാങ്ങണമെന്നാണ് മോഹം.

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്നയാളാണ്  58കാരിയായ വല്‍സല. കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തില്‍ നിന്നാണ് ഓണം ബമ്പര്‍ ടിക്കറ്റ് വാങ്ങിയത്. സാധാരണ ഫലം വരുമ്പോള്‍ താഴെയുളള സമ്മാനം ആര്‍ക്കാണെന്നാണ് ആദ്യം നോക്കാറുളളത്. ഇത്തവണ ആദ്യം കണ്ണ് പോയത് 10 കോടിയിലേക്ക് തന്നെ. ഫലം കണ്ടതോടെ ഞെട്ടിപ്പോയി.

കാലപഴക്കത്താല്‍ സ്വന്തമായുണ്ടായിരുന്ന വീട് തകര്‍ന്ന വല്‍സല മൂന്നു മക്കള്‍ക്കൊപ്പം വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം വീടില്ലാത്തതിനാല്‍  ഇളയമകന്‍റെ വിവാഹം നീണ്ടുപോകുകയാണ്. ക്യാൻസര്‍ ബാധിച്ച് രണ്ടു വര്‍ഷം മുമ്പ് വത്സലയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഏജൻസി കമ്മീഷനും നികുതിയും കിഴിച്ച് 6.34 കോടി രൂപയാവും വല്‍സലയ്ക്ക് ലഭിക്കുക. 

click me!