
ഇടുക്കി: ഇടുക്കി കമ്പകക്കാനത്തെ കൂട്ടക്കൊലപാതകത്തിൽ അന്വേഷണം കുടുംബത്തിന്‍റെ പരിചയക്കാരിലേക്ക്. കൊല്ലപ്പെട്ട ആർഷ ആരൊയൊക്കെയോ ഭയപ്പെട്ടിരുന്നുവെന്ന് അധ്യാപിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹങ്ങൾക്ക് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നാല് മൃതദേഹങ്ങളും വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൊലപാതക സംഘം വീടിന്‍റെ വാതിൽ തകർക്കാത്തതിനാൽ പരിചയക്കാർ ആയിരിക്കും കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. സ്വത്ത് തർക്കം നിലനിന്നിരുന്നതിനാൽ ബന്ധുക്കളെയും ചോദ്യം ചെയ്യും. കൃഷ്ണന്‍റെ ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയവരുടെ വിവരങ്ങളും തേടുന്നുണ്ട്. ഞായറാഴ്ച രാത്രി കൊലപാതകം നടന്നിരിക്കാമെന്നാണ് നിഗമനം. നാല് പേരുടെ മൃതദേഹങ്ങളിലും ആഴത്തിലുള്ള മുറിവും തലയ്ക്ക് ക്ഷതമേറ്റിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നത്. മൂന്ന് സിഐമാരടക്കം 20 പേരാണ് സംഘത്തിലുള്ളത്. കുടുംബത്തിന്‍റെ മൊബൈൽ നന്പർ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം കന്പകക്കാനത്ത് എത്തിച്ച മൃതദേഹങ്ങൾ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. പൊലീസിന്‍റെ നിർദ്ദേശത്തെ തുടർന്ന് മൃതദേഹങ്ങൾ ദഹിപ്പിക്കാതെ മറവ് ചെയ്യുകയാണുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam