തോമസ് ചാണ്ടി ഭൂപരിഷ്‍കരണനിയമവും ലംഘിച്ചു

Published : Sep 20, 2017, 10:25 AM ISTUpdated : Oct 05, 2018, 12:49 AM IST
തോമസ് ചാണ്ടി ഭൂപരിഷ്‍കരണനിയമവും ലംഘിച്ചു

Synopsis

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയും മകളും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധിക ഭൂമി കൈവശം വച്ചു.  തോമസ്ചാണ്ടിയുടെ വീടുള്‍പ്പെടുന്ന കൈനകരി തെക്ക് വില്ലേജില്‍ മാത്രം 2001 ല്‍ പതിനാറരയേക്കര്‍ ഭൂമിയാണ് തോമസ് ചാണ്ടി മാത്രം കൈവശം വച്ചത്. ഇതേ വില്ലേജില്‍ മകളുടെ പേരില്‍ ഇപ്പോഴും ഒമ്പതേക്കര്‍ ഭൂമിയുണ്ട്.  തോമസ്ചാണ്ടി ഇതില്‍ അ‍ഞ്ചേക്കറിലധികം ഭൂമി സഹോദരന്‍റെയും ഭാര്യാസഹോദരിയുടെയും പേരിലേക്ക് മാറ്റിയെങ്കിലും മൂന്നേക്കറിലേറെ ഭൂമി ഈയൊരു വില്ലേജില്‍ മാത്രം അധികമായി കൈവശം വച്ചു.  ഭൂപരിഷ്കരണ നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ഏതെങ്കിലും ഒരു കാലയളവില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചാല്‍ അത് സര്‍ക്കാരിന് പിടിച്ചെടുക്കാമെന്നാണ്  നിയമം.  ഏഷ്യാനെറ്റ്ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

മന്ത്രി തോമസ്ചാണ്ടിയുടെ വീടുള്‍പ്പെടുന്ന കൈനകരി തെക്ക് വില്ലേജോഫീസിലെത്തിയ ഞങ്ങള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. കിട്ടിയ മറുപടിയിതാ. ഏഴു തണ്ടപ്പേരുകളിലായി പതിനൊന്ന് ഏക്കര്‍ ഭൂമി നിലവിലുണ്ടെന്ന് മറുപടി. തോമസ്ചാണ്ടിയുടെ മകളായ ബെറ്റി ചാണ്ടിയുടെ പേരില്‍ 2001 ല്‍ മാത്തൂര്‍ ദേവസ്വത്തിന്‍റേതായി 3.61 ഹെക്ടര്‍ ഭൂമി. അതായത് ഒമ്പതേക്കര്‍.  ആകെ കൂട്ടിയാല്‍ ഇതുമാത്രം ഇരുപത്തിയഞ്ചരയേക്കര്‍ ഭൂമി. എന്നാല്‍ 2001ല്‍ മന്ത്രി തോമസ്ചാണ്ടിക്ക് മാത്രമായി ഇവിടെ ആകെ പതിനാറരയേക്കര്‍ ഭൂമിയുണ്ടായിരുന്നു. നിയമം ലംഘിച്ച് തോമസ്ചാണ്ടി മാത്രം ഈ ഒരൊറ്റ വില്ലേജില്‍ മാത്രം ഒന്നരയേക്കര്‍ ഭൂമി അധികം കൈവശം വച്ചു. ഇതില്‍ അഞ്ചേക്കറിലേറെ ഭൂമി സഹോദരന്‍റെയും ഭാര്യാസഹോദരിയുടേയും പേരിലേക്ക് മാറ്റി. പക്ഷേ എന്നാലും നിയമം ലംഘിക്കപ്പെട്ടു. പക്ഷേ അങ്ങനെ മാറ്റിയിട്ടും കാര്യമില്ല.  

ഭൂപരിഷ്കരണ നിയമമനുസരിച്ച് നിയമം പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ഏതെങ്കിലും ഒരു കാലയളവില്‍ അനുവദനീയ അളവില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചാല്‍ അത് സര്‍ക്കാരിന് മിച്ചഭൂമിയായി പിടിച്ചെടുക്കാം.മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈവശപ്പെടുത്തുമ്പോള്‍ മകളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഒരു വ്യക്തിക്ക് കൈവശം വെക്കാവുന്ന പരമാവധി ഏഴരയേക്കര്‍ എന്ന ഭൂപരിധി മകളും മറികടന്നു. ഇത് ഈ ഒരൊറ്റ വില്ലേജിലെ മാത്രം കാര്യം. ലേക് പാലസുള്‍പ്പെടുന്ന മുല്ലക്കല്‍ വില്ലേജടക്കം വേറെയും തോമസ്ചാണ്ടിക്ക് ഭൂമിയുണ്ട്. തീര്‍ന്നില്ല. വേറെയുമുണ്ട് ചില കള്ളക്കളികള്‍. ഒരു വ്യക്തിക്ക് പല സര്‍വ്വേ നമ്പറുകളിലുണ്ടാവുന്ന ഭൂമി  ഒരൊറ്റത്തണ്ടപ്പേരിലാക്കണമെന്നാണ് നിലവിലുള്ള സര്‍ക്കുലര്‍.

ഏഴ് തണ്ടപ്പേരുകളിലും തോമസ് ചാണ്ടി തന്‍റെ പേരുകള്‍ ചെറിയ രീതിയില്‍ മാറ്റിയിട്ടുണ്ട്. കൈനകരി വില്ലേജില്‍ ചേന്നങ്കരി മുറിയില്‍ വെട്ടിക്കാട്ട് കളത്തിപ്പറമ്പില്‍ വിസി തോമസ് മകന്‍ തോമസ് ചാണ്ടിയെന്നും, കളത്തില്‍പറമ്പില്‍ തോമസ് മകന്‍ ചാണ്ടിയെന്നും കളത്തില്‍പ്പറമ്പില്‍ ചാണ്ടി മകന്‍ തോമസ് എന്നും വെട്ടിയ്ക്കാട്ട് തോമസ് മകന്‍ ചാണ്ടിയെന്നും മാറ്റിയിരിക്കുന്നു.  ഏഴും ഏഴു തരത്തിലുള്ള പേരുകളിലാണെങ്കിലും ഇതിന്‍റെയെല്ലാം ഉടമ മന്ത്രി തോമസ്ചാണ്ടി തന്നെയാണെന്ന് വില്ലേജോഫീസര്‍ ഉറപ്പിച്ചുപറയുന്നു. വിവരാവാകാശ മറുപടിയും ഇത് സ്ഥിരീകരിക്കുന്നു.

ഈ ഭൂമി എവിടെയാണെന്നറിയാന്‍ ഞങ്ങളും പോയി. മൂന്നിടങ്ങളിലായാണ് ഈ ഭൂമി.  ഒന്ന് തോമസ്ചാണ്ടിയുടെ വീടും അടുത്തടുത്തുള്ള നിലങ്ങളുമാണ്. തോമസ്ചാണ്ടിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള വിവാദമായ മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമിയാണ് രണ്ടാമത്തേത്. ഇതിന് തൊട്ടപ്പുറമുള്ള കിഴക്കുംപുറം പാടശേഖരത്തിലാണ് മൂന്നാമത്തെ ഭൂമി. തോമസ് ചാണ്ടിയും മകളും നിയമംലംഘിച്ച് ഭൂമി കൈവശം വച്ചിട്ടും ഇതുവരെ വില്ലേജോഫീസര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ലെന്നതാണ് കൗതുകകരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വര്‍ണം എവിടെ? നിര്‍ണായക വിവരം തേടി മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്യാൻ എസ്ഐടി
ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'