എപ്സ്റ്റീനുമായുള്ള ഇടപാടുകളുടെ പേരിൽ ബ്രിട്ടീഷ് രാജാവിൻ്റെ സഹോദരൻ ആൻഡ്രൂ രാജകുമാരൻ അറസ്റ്റിലായി. ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു ബ്രിട്ടീഷ് രാജകുടുംബാംഗം അറസ്റ്റിലാകുന്നത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും, രാജകുടുംബം പ്രതിസന്ധിയിലാണ്.

ബ്രിട്ടീഷ് രാജാവിന്‍റെ സഹോദരൻ, മുൻ വ്യാപാര പ്രതിനിധി, ഔദ്യോഗിക പദവിക്ക് ചേരാത്ത പ്രവൃത്തികൾക്ക് ഒടുവിൽ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ (Andrew Mountbatten Windsor) അറസ്റ്റിലായി. ഒരുദിവസം മുഴുവൻ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ആധുനിക ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരംഗം അറസ്റ്റിലാവുന്നത്. അറസ്റ്റ് അതിനാണെങ്കിലും എപ്സ്റ്റീൻ, ആൻഡ്രൂവിന് വേണ്ടി ഒരു പെൺകുട്ടിയെ ബ്രിട്ടനിലെത്തിച്ചുവെന്ന ആരോപണവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചിരുന്നു. 2010 -ൽ പെൺകുട്ടിയെ വിൻഡ്സറിലെത്തിച്ചു എന്നാണ് സംശയം. അവിടെയാണ് ആൻഡ്രൂ അടുത്തകാലം വരെ താമസിച്ചിരുന്നത്. ഇതൊരു തുടക്കം മാത്രമായിരിക്കണം. ലേബർ പാർട്ടി എംപി പീറ്റർ മാൻഡൽസണാവാം (Peter Mandelsohn) അടുത്തത്. ആൻഡ്രൂവിന്‍റെ ഭാര്യ സാറ ഫെർഗൂസണിന്‍റെ (Sarah Ferguson) വിധിയും ഇപ്പോൾ പ്രവചനാതീതം.

ജെഫ്രി എപ്സ്റ്റീൻ

ജെഫ്രി എപ്സ്റ്റീനുമായുള്ള ഇടപാടുകളിലാണ് ആൻഡ്രൂവിന്‍റെ അറസ്റ്റ്. ട്രേഡ് ഫയലുകൾ എപ്സ്റ്റീന് ആൻഡ്രൂ കൈമാറിയെന്ന തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. 66 -മത്തെ പിറന്നാൾ ദിനത്തിൽ തെംസ് പൊലീസാണ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തത്. ലൈംഗിക കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടിട്ടില്ല തത്കാലം. ഇപ്പോൾ താമസിക്കുന്ന സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിൽ (Sandringham Estate) നിന്നായിരുന്നു അറസ്റ്റ്. ഒരു മാസമേ ആയുള്ളൂ ആൻഡ്രൂ ഇവിടേക്ക് താമസം മാറിയിട്ട്. 2003 മുതൽ താമസിച്ചിരുന്ന വിൻസർ എസ്റ്റേറ്റിൽ നിന്ന് ബ്രിട്ടീൽ രാജാവായ ചാൾസ്, ആഡ്രൂവിനെ പുറത്താക്കിയിരുന്നു. സാൻഡ്രിംഗ്ഹാമിലാണ് ചാൾസിന്‍റെയും ആൻഡ്രൂവിന്‍റെയും അച്ഛനായ ഫിലിപ്പ് രാജകുമാരനും അവസാന ദിവസങ്ങളിൽ താമസിച്ചിരുന്നത്. സ്ഥിരതാമസമാക്കാൻ ഉദ്ദേശിച്ചിരുന്ന മാർഷ് ഫാമിലെ (Marsh Farm) വീട് നവീകരിക്കുന്നത് കൊണ്ടാണ് സാൻഡ്രിംഗ്ഹാമിലേക്ക് താമസം മാറിയത്. രാജകുടുംബത്തിന്‍റെ കൺട്രി ഹോമാണ് ഇവിടം. ക്രിസ്മസിന് കുടുംബാംഗങ്ങൾ ഇവിടെയാണ് ഒത്തുകൂടാറ്.

(ആന്‍ഡ്രൂ)

ഇരകൾക്കൊപ്പമെന്ന് കൊട്ടാരം

തൊട്ടുപിന്നാലെ ആൻഡ്രൂ താമസിച്ചിരുന്ന കൊട്ടാരങ്ങളിലും തെരച്ചിലും നടന്നു. വിഷമമുണ്ട് പക്ഷേ, നിയമം നിയമത്തിന്‍റെ വഴിക്ക് നീങ്ങട്ടെ എന്നാണ് ചാൾസ് രാജാവ് പ്രതികരിച്ചത്. എന്തിനാണ് അറസ്റ്റെന്ന് കൃത്യമായി പൊലീസ് അറിയിച്ചിരുന്നില്ല. 10 വർഷമാണ് ആൻഡ്രൂ വ്യാപാര പ്രതിനിധിയായിരുന്നത്. അക്കാലത്തെ പ്രവർത്തനങ്ങളാണ് അറസ്റ്റിന് കാരണം എന്നായിരുന്നു നിഗമനം. അന്വേഷണമുണ്ടായാൽ സഹകരിക്കുമെന്നും പിന്തുണക്കുമെന്നും കൊട്ടാരം വക്താവ് നേരത്തെ അറിയിച്ചിരുന്നു. ഇരകൾക്കൊപ്പമാണ് തങ്ങളെന്നും അറിയിച്ചു. 'തെറ്റായ പെരുമാറ്റം' (Misconduct) എന്ന സംശയത്തിന്‍റെ പേരിലാണ് അറസ്റ്റെന്ന് പൊലീസ് അറിയിക്കുമ്പോൾ, തെറ്റായ പെരുമാറ്റം അധികാര ദുരുപയോഗമോ, ഉത്തരവാദിത്തങ്ങളിൽ നിന്ന് മുഖം തിരിക്കലോ ആവാം. കുറ്റം തെളിഞ്ഞാൽ ജയിൽവാസമാണ് ശിക്ഷ. ജീവപര്യന്തം വരെ ലഭിക്കാം.

ബിബിസി അഭിമുഖം

മുൻ പ്രധാനമന്ത്രി ഗോർഡൺ ബ്രൗൺ പൊലീസിന് 5 പേജുള്ള കത്ത് നൽകിയിരുന്നു. അതിൽ എപ്സ്റ്റീൻ ഫയലുകളെക്കുറിച്ച് കൂടുതൽ വിവരങ്ങളുണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ബ്രൗൺ തന്നെയാണ് അറിയിച്ചത്. 2011 -ലാണ് വ്യാപാര പ്രതിനിധിയായിരുന്ന ആൻഡ്രൂ സ്ഥാനമൊഴിയുന്നുവെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചത്. 2008 -ലാണ് ജെഫ്രി എപ്സ്റ്റീൻ ആദ്യം ശിക്ഷിക്കപ്പെട്ടത്. എപ്സ്റ്റീനുമായുള്ള ബന്ധമായിരുന്നു ആൻഡ്രൂവിന്‍റെ സ്ഥാനനഷ്ടത്തിന് കാരണം. ആ കേസിൽ നിന്ന് എപ്സ്റ്റീൻ പക്ഷേ, തലയൂരി. ഇപ്പോൾ കുപ്രസിദ്ധമായ പ്ലീ ഡീലിലൂടെ (plea deal). 2019 -ൽ ആൻഡ്രൂ ബിബിസിക്ക് ഒരു അഭിമുഖം നൽകി. എപ്സ്റ്റീൻ ബന്ധത്തിലെ വിശദീകരണമായിരുന്നു വിഷയം.

പക്ഷേ, വിശദീകരിച്ച് ഫലിപ്പിക്കാൻ ആൻഡ്രൂവിന് കഴിഞ്ഞില്ല. 2010 -ൽ എപ്സ്റ്റീനുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് ന്യൂയോർക്കിലേക്ക് പോയതെന്ന് ആൻഡ്രൂ പറഞ്ഞു. പിന്നെ എന്തിന് അന്ന് എപ്സ്റ്റീന്‍റെ വീട്ടിൽ ദിവസങ്ങൾ താമസിച്ചുവെന്ന എന്ന ചോദ്യം വന്നു. സൗകര്യം അതായിരുന്നു എന്നുത്തരം. മര്യാദ അതല്ലേയെന്നും. കൂടുതൽ മര്യാദക്കാരനായതാണ് തന്‍റെ കുഴപ്പമെന്നും.വിർജീനിയ ജുഫ്രേ എന്ന പരാതിക്കാരിയെ കണ്ടതായി ഓർമ്മയേയില്ലെന്നും. അവരുമായുള്ള ചിത്രം വ്യാജമായിരിക്കാമെന്നും ആൻഡ്രൂ പറഞ്ഞു. 2022 -ൽ വിർജീനിയ ആൻഡ്രൂവിനെതിരെ കോടതിയിൽ പരാതി നൽകി. പ്രായപൂർത്തിയാകും മുമ്പുള്ള ലൈംഗികാതിക്രമത്തിന്. കുറ്റക്കാരനല്ലെന്ന് ആവർത്തിച്ചെങ്കിലും കോടതിക്ക് പുറത്ത് കോടികൾ കൊടുത്ത് ആൻഡ്രൂ ധാരണയിലെത്തിയെന്നാണ് റിപ്പോർട്ട്. 2025 -ൽ വിർജീനിയ ജുഫ്രേ ആത്മഹത്യ ചെയ്തു. 2019 -ലാണ് എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.

(ചാൾസ്, എലിസബത്ത്, ആന്‍ഡ്രൂ)

ചാൾസിന്‍റെ തീരുമാനം

2025 ഒക്ടോബറിൽ ചാൾസ്, ആൻഡ്രൂവിന്‍റെ രാജപദവികൾ എടുത്തുകളഞ്ഞു. കൊട്ടാരത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ തുടങ്ങി. 2026 ജനുവരിയിൽ അമേരിക്കൻ നീതിന്യായവകുപ്പ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിൽ ആൻഡ്രൂവിന്‍റെ പുതിയ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധം എത്ര ആഴത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ. ഇപ്പോൾ അറസ്റ്റും. പക്ഷേ, രാജകുടുംബത്തെ സംബന്ധിച്ച് ആധുനിക ചരിത്രത്തിൽ ഇങ്ങനെയൊരു അറസ്റ്റ് നടന്നിട്ടില്ല. 1647 -ൽ ചാൾസ് ഒന്നാമൻ അറസ്റ്റിലായതാണ് അവസാനത്തെ സംഭവം. അത് രാജ്യദ്രോഹക്കുറ്റത്തിന്. രണ്ട് വർഷത്തിനകം വധശിക്ഷയും നടപ്പാക്കി. നിയമവുമായി പിന്നെ ഏറ്റുമുട്ടിയത് ആൻ രാജകുമാരിയാണ്. അവരുടെ നായ രണ്ട് കുട്ടികളെ ആക്രമിച്ചപ്പോൾ പിഴയടക്കാൻ കോടതി ഉത്തരവിട്ടു. പക്ഷേ, അറസ്റ്റുണ്ടായില്ല. എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട മകനായിരുന്നു ആൻഡ്രൂ. എപ്സ്റ്റീൻ വിവാദത്തിൽ കുടുങ്ങിയ മകനെ തള്ളിപ്പറയാൻ അന്ന് എലിസബത്ത് തയ്യാറായിരുന്നില്ല.

ദുരന്തമായി പര്യവസാനിച്ച ബിബിസി അഭിമുഖത്തിന് ബക്കിംഗ്ഹാം കൊട്ടാരം തന്നെ വേദിയാക്കാൻ എന്തിന് അനുവദിച്ചുവെന്ന് അന്നേ പലരും അത്ഭുതപ്പെട്ടിരുന്നു. 2021 -ൽ വിർജീനിയ ജുഫ്രേയ്ക്ക് കോടികൾ നൽകി ലൈംഗീകാതിക്രമ കേസ് ഒത്തുതീർക്കാൻ സമ്മതിച്ചതിലും എതിർപ്പുകളുണ്ടായിരുന്നു. അമ്മയിൽ നിന്നും നേരെമറിച്ചാണിപ്പോൾ ചാൾസിന്‍റെ പ്രതികരണം. അന്വേഷണത്തിന് പിന്തുണ. താനും കുടുംബവും രാജ്യത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റും എന്നൊക്കെയുള്ള പ്രസ്താവന. എല്ലാം ആൻഡ്രൂവിൽ നിന്ന് അകൽച്ച പാലിക്കാൻ താൽപര്യപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു. 'സഹോദരൻ' എന്ന വാക്ക് പ്രസ്താവനയിലില്ലാത്തതും ശ്രദ്ധിക്കപ്പെട്ടു. നേരത്തെ തന്നെ വിൻഡ്സറിൽ നിന്ന് ആൻഡ്രൂവിനെ പുറത്താക്കാൻ ചാൾസ് വഴിതേടിയിരുന്നു. ചാൾസിന്‍റെ നിലപാട് വില്യമും കാതറീനും പിന്തുണക്കുന്നുവെന്നതും വ്യക്തമാണ്. രണ്ടുപേരും പണ്ടേ അത്ര അടുപ്പത്തിലായിരുന്നില്ല. ആൻ രാജകുമാരിക്കാണ് ചാൾസിനോട് അടുപ്പം. പക്ഷേ, ഡയാനയും സാറ ഫെർഗൂസണും സുഹൃത്തുക്കളായിരുന്നു. വിട്ടയച്ചെങ്കിലും അന്വേഷണപരിധിയിൽ തന്നെയാണ് ആൻഡ്രൂവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്തായാലും രാജകുടുംബം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് നിരീക്ഷകർ ഈ വിവാദത്തെ വിശേഷിപ്പിക്കുന്നത്.