മുനമ്പം മനുഷ്യക്കടത്ത് കേസ്: മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

By Web TeamFirst Published Jan 25, 2019, 6:10 PM IST
Highlights
മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. വെങ്ങാനൂർ സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ,രവി സനൂപ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അനിൽ കുമാർ, ദില്ലി സ്വദേശികളായ പ്രഭു പ്രഭാകരൻ, രവി സനൂപ്  എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നൂറിലേറെപ്പേർ പോയത് ന്യൂസിലൻഡിലേക്കെന്ന് പൊലീസ് പറഞ്ഞു.

അനധികൃത കുടിയേറ്റതിന്‌ പുറമേ മൂന്ന് വകുപ്പുകൾ കൂടി കൂട്ടിച്ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. എമിഗ്രേഷൻ ആക്ട്, ഫോറിന്‍ റിക്രൂട്ടിംഗ് ആക്ട്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ കൂടിയാണ് പ്രതികൾക്കെതിരെ ചുമത്തിയത്. 

ആറ് വർഷം മുമ്പ് മുനമ്പത്ത് നിന്ന് എഴുപത് പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് മുഖ്യപ്രതി പ്രഭു മൊഴി നല്‍കിയത്. ദില്ലിയിൽ നിന്നാണ് പ്രഭു പിടിയിലായത്. ഓസ്ട്രേലിയയിലേക്ക് ആളുകളെ കൊണ്ടുപോയെന്ന് പൊലീസിന് മൊഴി നൽകിയത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിലേക്കാണ് കടത്തിയ ആളുകളെ കൊണ്ടുപോയതെന്നും പ്രഭു വെളിപ്പെടുത്തി.

Also Read: മുനമ്പം മനുഷ്യക്കടത്തിന്‍റെ മുനമ്പ്! 2013-ൽ 70 പേരെ ഓസ്ട്രേലിയയിലേക്ക് കടത്തിയെന്ന് പ്രതി

ജനുവരി 14 ന് രാവിലെയോടെ മുനമ്പം ഹാർബറിന് അടുത്തുള്ള ബോട്ട് ജെട്ടിയോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ബാഗുകൾ കൂടിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബാഗുകൾ പരിശോധിച്ചപ്പോൾ ഉണക്കിയ പഴവർഗങ്ങൾ, കുടിവെള്ളം, വസ്ത്രങ്ങൾ, ഫോട്ടോകൾ, ദില്ലിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകൾ, കുട്ടികളുടെ കളിക്കോപ്പുകൾ തുടങ്ങിയവ കണ്ടെത്തിയത്.

മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് പോയവരുടെ പട്ടിക പൊലീസ് തയ്യാറാക്കിയിരുന്നു. 80 പേരുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ആറ് ദിവസം പ്രായമുള്ള നവജാതശിശു അടക്കം 22 കുട്ടികൾ സംഘത്തിലുണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. ശ്രീലങ്കൻ അഭയാർത്ഥി കുടുംബങ്ങളും തമിഴ് നാട്ടുകാരുമാണ് പട്ടികയിലുള്ളത്.  

Also Read:മുനമ്പം മനുഷ്യക്കടത്ത്: ബോട്ടിലുള്ളത് 22 കുട്ടികളടക്കം 80 പേരെന്ന് പൊലീസ്

 

click me!