മാലിന്യ നിർമ്മാർജനത്തിലെ പുതിയ മാതൃക; എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായി വാരപ്പെട്ടി

By Web TeamFirst Published Jan 25, 2019, 5:05 PM IST
Highlights

ഹരിത കേരള മിഷന്‍റെയും ശുചിത്വമിഷന്‍റെയും സഹകരണത്തോടെ 'അരുത് വൈകരുത്' എന്ന പേരിൽ കഴിഞ്ഞ ഒന്നര വർഷമായി മികച്ച പ്രവർത്തനങ്ങളാണ് വാരപ്പെട്ടി പഞ്ചായത്ത് കാഴ്ചവച്ചത്.

എറണാകുളം: എറണാകുളം ജില്ലയിലെ ആദ്യ ഹരിത പഞ്ചായത്തായി വാരപ്പെട്ടി പഞ്ചായത്തിനെ തിരഞ്ഞെടുത്തു. മാലിന്യ നിർമാർജന പ്രവർത്തനങ്ങളില്‍ കാഴ്ചവെച്ച മികച്ച മാതൃകയാണ് പഞ്ചായത്തിനെ പുരസ്കാരത്തിനർഹമാക്കിയത്. ഹരിത കേരളാ മിഷന്‍ ഉപാധ്യക്ഷ ഡോ. ടി എന്‍ സീമയാണ് അവാർഡ് പ്രഖ്യാപിച്ചത്. 

ഹരിത കേരള മിഷന്‍റെയും ശുചിത്വമിഷന്‍റെയും സഹകരണത്തോടെ 'അരുത് വൈകരുത്' എന്ന പേരിൽ കഴിഞ്ഞ ഒന്നര വർഷമായി മികച്ച പ്രവർത്തനങ്ങളാണ് പഞ്ചായത്ത് കാഴ്ചവച്ചത്. സ്ഥലം എംഎല്‍എ ആന്‍റണി ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്തിന്‍റെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ.
പഞ്ചായത്തിലെ വീടുകളിലെ അജൈവ മാലിന്യങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങി ശേഖരിച്ച് പുനരുപയോഗ സാധ്യതകൾ ഉപയോഗപ്പെടുത്തിയായിരുന്നു പഞ്ചായത്ത് മാലിന്യനിർമ്മാർജന പദ്ധതികൾ തുടങ്ങിയത്.

 പ്ലാസ്റ്റിക് ഉപഭോഗം കുറക്കുന്നതിനായി 5500 കുടുംബങ്ങള്‍ക്ക് പഞ്ചായത്ത് തുണിസഞ്ചി വിതരണം ചെയ്തിരുന്നു. ആവശ്യക്കാർക്കെല്ലാം ബയോഗ്യാസ് പ്ലാന്‍റുകളും ബയോപോർട്ടുകളും കുറഞ്ഞ ചിലവില്‍ നിർമിച്ചു നൽകാനും വാരപ്പെട്ടി പഞ്ചായത്തിന് കഴിഞ്ഞു. ഭരണസ്ഥാപനങ്ങളിലെല്ലാം ഹരിത ചട്ടം നടപ്പാക്കിയും സ്കൂളുകളിലെല്ലാം ജൈവവൈവിധ്യ പാർക്കുകൾ തുടങ്ങിയും നിരവധി പുതിയ മാതൃകകൾ കാണിച്ചു തന്ന വാരപ്പെട്ടി പഞ്ചായത്ത് കേരളത്തിലെ മറ്റു പഞ്ചായത്തുകൾക്കും മാതൃകയാവുകയാണ് . 

click me!