
തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി ആർഎസ്എസ് ജില്ലാ പ്രചാരക് പ്രവീണും സഹായികളായ ശ്രീജിത്തും അഭിജിത്തും പിടിയിൽ. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രവീണിനെയും ശ്രീജിത്തിനെയും പിടികൂടിയത്. നെടുമങ്ങാട് തേക്കടയിൽ നിന്നാണ് അഭിജിത്ത് പിടിയിലായത്.
നിരവധി കേസുകളിൽ പ്രവീണിനുള്ള പങ്ക് ചോദ്യം ചെയ്യലിൽ തെളിഞ്ഞിട്ടുണ്ടെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബി. അശോകൻ പറയുന്നു. ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ചുള്ള ബിജെപി - ശബരിമല കർമസമിതി ഹർത്താൽ ദിവസമാണ് പൊലീസ് സ്റ്റേഷനിലേക്ക് നാല് പ്രാവശ്യം ബോംബേറുണ്ടായത്.
നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നെടുമങ്ങാട് എസ്ഐയെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടിയതിനുശേഷമാണ് ആക്രമണമുണ്ടായത്.
പ്രവീണിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയെങ്കിലും കാര്യമായി വിവരമൊന്നും ലഭിച്ചില്ല. സംഭവശേഷം സ്വദേശമായ നൂറനാട്ടേക്ക് പോയ തിരിച്ചെത്തിയ പ്രവീണ്‍ തിരുവനന്തപുരം ജില്ലയിലെ പല ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
പ്രവീണിനെ പിടികൂടാനായി ആർഎസ്എസ് ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലുമെല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. പ്രവീണിനെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരനുള്‍പ്പെടെ 7 പേർ ബോംബേറു കേസിൽ പിടിയിലായിരുന്നു.
സമ്മർദ്ദം ശക്തമായതോടെയാണ് പ്രതികളായ പ്രവീണും, നെടുമങ്ങാട് സ്വദേശിയായ എസ്എസ്എസ് പ്രവർത്തകൻ ശ്രീജിത്തും തമ്പാനൂരിൽ നിന്നും രാവിലെ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന വിവരം നെടുമങ്ങാട് ഡിവൈഎസ്പി ബി.അശോകന് ലഭിക്കുന്നത്.
2017 ജൂണ്‍ മുതൽ നെടുമങ്ങാട് കേന്ദ്രീകരിച്ചാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രവീണ്‍ പ്രവർത്തിച്ചിരുന്നതെന്നും, നാഗ്‍പൂരിൽ നിന്നും പരിശീലനം ലഭിച്ച ഇയാൾ ബോംബ് നിർമ്മാണത്തിലും വിദഗ്ധനാണെന്നും ഡിവൈഎസ്പി പറയുന്നു. ചോദ്യം ചെയ്യലിൽ നെടുമങ്ങാട്, നൂറനാട്, അടൂർ, മല്ലപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന അക്രമസംഭവങ്ങളുടെ പങ്ക് ഇയാൾ സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam