എൻഡോസൾഫാൻ സമരം പിൻവലിച്ചു; മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയമെന്ന് സമരസമിതി

By Web TeamFirst Published Feb 3, 2019, 3:18 PM IST
Highlights

മുഖ്യമന്ത്രിയുമായുള്ള ചർച്ച  വിജയമെന്ന് സമരസമിതി, ദുരിത ബാധിതരുടെ പട്ടിക വിപുലീകരിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: എൻഡോസൾഫാൻ സമര സമിതിയുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വിജയിച്ചു. ഇതോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിക്കാൻ സമരസമിതി തീരുമാനിച്ചു. സമരം പൂർണ്ണ വിജയമെന്നാണ് സമരസമിതിയുടെ പ്രഖ്യാപനം. 

2017-ലെ മെഡിക്കല്‍ ക്യാമ്പില്‍ ശാരീരികാവശതകൾ ഉള്ളവരായി കണ്ടെത്തിയ 1905 പേരുടെ പട്ടികയുണ്ടാക്കിയിരുന്നു. ഇതിൽ അന്ന് 18 വയസില്‍ താഴെ പ്രായമുണ്ടായിരുന്ന കുട്ടികൾക്ക് വീണ്ടും മെഡിക്കൽ പരിശോധന നടത്തും. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവരെ  എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നതാണ് ചര്‍ച്ചയിലെ പ്രധാന ധാരണ.

ചില കുട്ടികൾക്ക് മെഡിക്കൽ പരിശോധനാ ദിവസങ്ങൾക്കിടെ നടന്ന ഹർത്താൽ കാരണം മെഡിക്കൽ ക്യാമ്പിൽ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം അവരുടെ ആനുകൂല്യങ്ങൾ നഷ്ടമായെന്ന് പരാതിയുണ്ടായിരുന്നു. ഇവർക്ക് വേണ്ടി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും.

എൻഡോസൾഫാൻ ബാധിതമേഖലകളുടെ അതിര് ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തും. സുപ്രീംകോടതി വിധിയിലെ അവ്യക്തത നീക്കാനും നടപടി ഉണ്ടാകും.  മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ എണ്ണം 364 ആയി. ഇതിൽ മാറ്റം ആവശ്യപ്പെട്ടായിരുന്നു സമരം. ഈ ആവശ്യം അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 

click me!