കർണാടകയിൽ പ്രസാദത്തിൽ വിഷം കലർത്തിയത് കാമുകന്റെ ഭാര്യയെ കൊല്ലാൻ; മൂന്നു സ്ത്രീകൾ അറസ്റ്റിൽ

By Web TeamFirst Published Jan 31, 2019, 2:53 PM IST
Highlights

മരിച്ച സരസ്വതമ്മയുടെ മകൾ ശ്രീ ഗൗരിയാണ് ലോകേഷിന്റെ ഭാര്യ. ഇവരെ കൊല്ലുകയായിരുന്നു മൂവർ സംഘത്തിന്റെ ലക്ഷ്യം.
 

ബംഗളൂരൂ: കർണാടകയിലെ ചിക്കബല്ലാപുരയിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് രണ്ട് സത്രീകൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവത്തിൽ പ്രസാദം വിതരണം ചെയ്ത ലക്ഷ്മി (46),  അമരാവതി (28), പാർവതമ്മ (40) എന്നിവരെ അറസ്റ്റ് ചെയ്തു. സരസ്വതമ്മ, കവിത എന്നിവരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.

കഴിഞ്ഞ വെള്ളയാഴ്ചയാണ് കാമുകനായ ലോകേഷിന്റെ ഭാര്യയെ  കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലക്ഷ്മി പ്രസാദത്തിൽ രാസപദാർഥം കലർത്തിയത്. ഈ പ്രസാദം മറ്റുള്ളവരും കഴിച്ചതോടെ വൻ ദുരന്തമുണ്ടാവുകയായിരുന്നു. ഇതേ തുടർന്ന് രണ്ടു സ്ത്രീകൾ മരിക്കുകയും പതിനൊന്നോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

സ്വർണം പൂശാൻ ഉപയോഗിക്കുന്ന രാസപദാർത്ഥമാണ്  പ്രസാദത്തിൽ കലർത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ സഹായിച്ചതിന് ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ലക്ഷ്മിയും ലോകേഷും തമ്മിലുള്ള അവിഹിത ബന്ധമാണ് പ്രസാദത്തിൽ വിഷം കലർത്താൻ കാരണമായത്. മരിച്ച സരസ്വതമ്മയുടെ മകൾ ശ്രീ ഗൗരിയാണ് ലോകേഷിന്റെ ഭാര്യ. ഇവരെ കൊല്ലുകയായിരുന്നു മൂവർ സംഘത്തിന്റെ ലക്ഷ്യം.

ചിന്താമണിയിൽ സ്വർണപ്പണിക്കാരനായ ഭർത്താവിന്റെ കടയിൽനിന്നാണ് ലക്ഷ്മി രാസപദാർഥം കൈക്കലാക്കിയത്. ലോകേഷും ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ ഗൗരിയും കുടുംബവും പലതവണ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലോകേഷിനൊപ്പം ജീവിക്കുന്നതിന് വേണ്ടി ഇവർ ഗൗരിയെ ഇല്ലാതാക്കാൻ  ഗൂഢാലോചന നടത്തി. ഗൗരിക്കും കുടുംബത്തിനും മാത്രം നൽകാനാണ് പ്രസാദത്തിൽ വിഷം കലർത്തിയത്. എന്നാൽ, ഇത് മറ്റുള്ളവരും കഴിച്ചു. മുമ്പ് രണ്ടുതവണ ഇതേ രീതിയിൽ  കൊലപ്പെടുത്താൻ ലക്ഷ്മി ശ്രമിച്ചെങ്കിലും ഗൗരി  രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 

click me!