
ലഖ്നൗ: ഉത്തർപ്രദേശിലെ ദുധ്വാ ടൈഗർ റിസർവ്വിൽ പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നു. ഗ്രാമവാസികളിലൊരാളെ പെൺകടുവ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഗ്രാമവാസികളെല്ലാം ചേർന്ന് കടുവയെ കൊന്നത്. മഹാരാഷ്ട്രയിൽ നരഭോജി കടുവയെന്ന് അറിയപ്പെട്ടിരുന്ന അവനി എന്ന പെൺകടുവയെ വേട്ടക്കാർ വെടിവച്ച് കൊന്നത് രണ്ട് ദിവസങ്ങൾക്ക് മുമ്പാണ്. പതിമൂന്ന് പേരെയാണ് അവനി ആക്രമിച്ച് കൊന്നതെന്ന് പറയപ്പെടുന്നു. കടുവയെ കൊന്നതിനെതിരെ വന്യമൃഗ സംരക്ഷകർ വൻപ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മനുഷ്യർ വനം കയ്യേറി വന്യമൃഗങ്ങളുടെ സ്വാഭാവിക വാസസ്ഥലത്തിന് ഭംഗം വരുത്തുന്നത് കൊണ്ടാണ് കടുവകൾ നാട്ടിലിറങ്ങുന്നതെന്നും മനുഷ്യനെ ഉപദ്രവിക്കുന്നതെന്നും വന്യജീവി സംരക്ഷകർ വിശദീകരിക്കുന്നു. തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ഗ്രാമവാസികൾ എല്ലാവരും ചേർന്ന് കടുവയെ കൊന്നുകളഞ്ഞതെന്ന് ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ മഹാവീർ കൗജിലഗ് പറഞ്ഞു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. അതേ സമയം ഗ്രാമവാസികൾ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റർ കൊണ്ട് ചതച്ച് കൊല്ലുകയുമായിരുന്നു.- മഹാവീർ പറയുന്നു.
കടുവയെ കൊന്ന സംഭവത്തിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ വന്യമൃഗ അവകാശ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ പാണ്ഡെ വ്യക്തമാക്കി. സംരക്ഷിത മേഖലയ്ക്കുള്ളിൽ വച്ച് കടുവ ആക്രമിക്കപ്പെട്ടത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതെന്ന് വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ മാനിക്കപ്പെടേണ്ടതാണെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam