
ലഖ്നൗ: ഉത്തർ പ്രദേശിലെ ദുധ്വാ ടൈഗർ റിസ്സർവ്വിൽ പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നതിന്റെ എഫ്ഐആർ റിപ്പോർട്ട് പുറത്ത്. കൊല്ലുന്നതിന് മുമ്പും കൊന്ന് കഴിഞ്ഞതിന് ശേഷം കടുവയെ ഗ്രാമീണർ അതിക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണർ കൂട്ടം ചേർന്ന് ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചും ചതച്ചുമാണ് കടുവയെ കൊന്നതെന്ന് ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ പാണ്ഡെ വ്യക്തമാക്കി. സംഭവത്തിൽ പേരുൾപ്പെടെ ആറ് പേരെയും കണ്ടാൽ തിരിച്ചറിയാവുന്നവരെയും ഉൾപ്പെടുത്തി വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
കൊന്നു കഴിഞ്ഞതിന് ശേഷം കടുവയുടെ മുൻപല്ലും നഖങ്ങളും ഊരിയെടുക്കാൻ ഗ്രാമീണർ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കിഷൻപൂർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ചൽത്തുവാ ഗ്രാമത്തിൽ നിന്നുള്ളവരാണ് സംഭവത്തിലെ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെൺകടുവയ്ക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ട്.
തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമെന്ന പോലെയാണ് ഗ്രാമവാസികൾ എല്ലാവരും ചേർന്ന് കടുവയെ അതിക്രൂരമായി കൊന്നുകളഞ്ഞതെന്ന് ടൈഗർ റിസർവ്വ് ഡെപ്യൂട്ടി ഡയറക്ടർ മഹാവീർ കൗജിലഗ് വെളിപ്പെടുത്തിയിരുന്നു. അമ്പത് വയസ്സുള്ള ആളെയാണ് കടുവ ആക്രമിച്ചത്. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. അതേ സമയം ഗ്രാമവാസികൾ എല്ലാവരും സംഘം ചേരുകയും കടുവയെ ട്രാക്റ്റർ കൊണ്ട് ചതച്ച് കൊല്ലുകയുമായിരുന്നു.
സംരക്ഷിത മേഖലയ്ക്കുള്ളിൽ വച്ച് കടുവ ആക്രമിക്കപ്പെട്ടത് ഗുരുതരമായ കുറ്റകൃത്യമാണെന്നും വന്യമൃഗസംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറയുന്നു. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതെന്ന് വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് വ്യക്തമാക്കുന്നു. വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ മാനിക്കപ്പെടേണ്ടതാണെന്നും ഇവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam