
കൊൽക്കത്ത: ബി ജെ പിയുടെ റാലിക്ക് പിന്നാലെ ഗംഗാജലവും ചാണകവും ഉപയോഗിച്ച് ഗ്രൗണ്ട് ശുദ്ധീകരിച്ച് തൃണമൂൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പശ്ചിമബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലാണ് ശുദ്ധീകരണ യത്‌നം നടന്നത്. ബി ജെ പി വര്‍ഗ്ഗീയ സന്ദേശം നല്‍കിയെന്നാരോപിച്ചാണ് പ്രവർത്തകര്‍ ശുദ്ധീകരണം നടത്തിയത്.
"ഇത് മദൻ മോഹന്റെ നാട്(ശ്രീകൃഷ്ണൻ), ഹിന്ദു പാരമ്പര്യങ്ങൾ അനുസരിച്ച് ഞങ്ങൾ ഈ സ്ഥലം ശുദ്ധീകരിച്ചു" കൂച്ച് ബീഹാറിൽ മദൻ മോഹന്റെ രഥം അല്ലാതെ ജില്ലയിൽ മറ്റ് രഥങ്ങളെ പ്രവേശിപ്പിക്കില്ല' തൃണമൂൽ പ്രവർത്തകർ പറഞ്ഞു. ഈ മാസം 7, 9, 14 തിയതികളിലായി ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന രീതിയില്‍ മൂന്ന് രഥയാത്രകള്‍ നടത്താന്‍ ബി ജെ പി തീരുമാനിച്ചിരുന്നു. ഈ രഥയാത്രകളെല്ലാം കൊല്‍ക്കത്തയില്‍ ഒത്തുച്ചേരുമെന്നും ഇവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്നുമാണ് പ്രഖ്യാപനം. എന്നാല്‍ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതി അനുമതി നിഷേധിച്ചു. ഇതിനെതിരെ ബി ജെ പി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ പരിഗണനയിലാണ്.
നേരത്തെ അമിത് ഷായുടെ രഥയാത്രയെ വിമർശിച്ചുകൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്തെത്തിരുന്നു. ഇത് ബി ജെപിയുടെ മറ്റൊരു രാഷ്ട്രീയ ഗിമിക്കാണ്. രഥയാത്ര കടന്ന് പോകുന്ന പ്രദേശങ്ങള്‍ ശുദ്ധീകരിക്കണമെന്നും ഐക്യയാത്ര നടത്തണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രഥയാത്രയല്ല, രാവണ യാത്രയാണ് ബിജെപി നടത്തുന്നതെന്നും മമത പരിഹാസ രൂപേണ പറഞ്ഞിരുന്നു.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയം കൊണ്ടുള്ള ബുദ്ധി ഭ്രമമാണ് മമതക്കെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും ബി ജെ പി രഥയാത്ര കടന്നു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രകള്‍ സംഗമിക്കുന്ന കൊല്‍ക്കത്തയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യുമെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam