
മുസാഫര്‍പൂര്‍: മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ പഞ്ചായത്തിന്റെ മുന്നില്‍ വെച്ച് ഭാര്യ ചെരുപ്പൂരി കരണത്തടിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സരായിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ മുഹമ്മദ് ദുലേറിന്റെ കരണത്ത് ഭാര്യ സോണി ഖാറ്റൂണാണ് രോഷം പൂണ്ട് കരണത്തടിച്ചത്.
2014 ലിലാണ് മുഹമ്മദും സോണിയും തമ്മില്‍ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് ശേഷം ഇരുവരുടെയും ദമ്പത്യ ജീവിതത്തിൽ വിള്ളലുകള്‍ ഉണ്ടാവുകയായിരുന്നു. പ്രശ്നം വഷളായതിനെ തുടർന്ന് വിഷയം പഞ്ചായത്തില്‍ എത്തി. പഞ്ചായത്ത് തലവന്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയെങ്കിലും വിഫലമായി. തുടര്‍ന്ന് ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് മുഹമ്മദ് തലാക്ക് ചൊല്ലുകയായിരുന്നു.
ഇതില്‍ രോഷം പൂണ്ട യുവതി കാലില്‍കിടന്ന ചെരുപ്പൂരി മുഹമ്മദിന്‍റെ കരണത്ത് അഞ്ഞടിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലിൽ പകർത്തുകയും സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സോണിയെ തിരിച്ചടിക്കാൻ ശ്രമിക്കുന്ന മുഹമ്മദിനെയും ഇരുവരെയും പിടിച്ച് മാറ്റുന്ന ആളുകളെയും വീഡിയോയിൽ കാണാം.
സരായിയിൽ ഒരു മൊബൈല്‍ ഷോപ്പ് നടത്തിവരികയായിരുന്ന മുഹമ്മദ്, സോണിയുമായി പ്രണയത്തിലാകുകയും ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹ ശേഷം പ്രശ്നങ്ങൾ ഉണ്ടായതോടെ മുഹമ്മദ്, സോണിയെ ഉപേക്ഷിച്ച് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സോണിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും വിഷയം പഞ്ചായത്ത് മുമ്പാകെ വരുകയുമായിരുന്നുവെന്ന് എ എൻ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam