
തിരുവനന്തപുരം: പ്രളയത്തില്‍ അകപ്പെട്ട 602 പേരെ ഇന്ന് രക്ഷപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യം പൂര്‍ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമേ ദൗത്യം അവസാനിപ്പിക്കൂ". ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘടനകളുടെ അപ്രമാദിത്തം അനുവദിക്കില്ലെന്നും രക്ഷാദൗത്യം വിലയിരുത്തിയുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
"പ്രളയത്തില്‍ അകപ്പെട്ടുപോയ അവസാനത്തെയാളെ രക്ഷിക്കുംവരെ എല്ലാ സജ്ജീകരണങ്ങളും തുടരും. 3274 ക്യാമ്പുകളാണ് ഇപ്പോള്‍ കേരളത്തില്‍ ആകെയുള്ളത്. 10,28,073 പേര്‍ ക്യാമ്പുകളിലുണ്ട്. വെള്ളമിറങ്ങിയിട്ടും വീടുകള്‍ വാസയോഗ്യമല്ലാത്തതിനാല്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവരുന്നുണ്ട് പല കുടുംബങ്ങള്‍ക്കും. ചില വീടുകള്‍ അപകടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വീടുകള്‍ വാസയോഗ്യമാക്കാനായുള്ള നടപടികള്‍ ധ്രുതഗതിയില്‍ സ്വീകരിക്കാനാണ് തീരുമാനം. അത് പൂര്‍ത്തിയാവുംവരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരേണ്ടിവരും. വീടുകളിലേക്ക് തിരികെ പോകുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത സ്ഥലമാണെങ്കില്‍ കെഎസ്ഇബി അടിയന്തര നടപടി സ്വീകരിക്കും. വീടുകളിലും ക്യാമ്പുകളിലും ഉള്ളവരുടെ ആരോഗ്യത്തിനായി കർമ്മപദ്ധതി തയ്യാറാക്കും."
പ്രളയത്തില്‍ നനഞ്ഞുപോയ നോട്ടുകള്‍ക്ക് പകരം നല്‍കാമെന്ന് റിസര്‍വ്വ് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹങ്ങളില്‍ ആര്‍ഭാടം വേണ്ടെന്നുവച്ച് ആ തുക ദുരിതാശ്വാസ നിധിയിലേക് നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. "ഫണ്ട് സ്വീകരിക്കാൻ തെറ്റായ രീതികൾ പാടില്ല. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കർശന നടപടി ഉണ്ടാകും." രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യ തൊഴിലാളികൾക്ക് 29ന് തിരുവന്തപുരത്ത് ആദരം നൽകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam