
ശബരിമല സ്വർണ്ണപ്പാളി വിഷയം ഇന്നും നിയമസഭയിൽ ആളിക്കത്തിക്കാൻ പ്രതിപക്ഷം. ഇന്നലത്തെ പോലെ ഇന്നും ചോദ്യോത്തര വേളയിൽ പ്രശ്നം ഉന്നയിക്കും. സ്വർണ്ണം മോഷണം പോയെന്ന ഹൈക്കോടതി കണ്ടെത്തലിന്റ അടിസ്ഥാനത്തിൽ സർക്കാരിനെതിരെ കൂടുതൽ കടുപ്പിക്കാൻ ആണ് പ്രതിപക്ഷ നീക്കം. ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും രാജി ആണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നൽകിയാൽ ചർച്ച ആകാമെന്നായിരുന്നു ഇന്നലെ സർക്കാർ സ്വീകരിച്ച നിലപാട്. വിവാദത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണം ശനിയാഴ്ച്ച ആരംഭിക്കും. നിർദേശിച്ച ഉദ്യോഗസ്ഥരുടെ സേവനം സംസ്ഥാന സർക്കാർ വിട്ടു നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വെള്ളിയാഴ്ച്ച അറിയിക്കാനാണ് കോടതി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ നിലപാട് അറിഞ്ഞതിന് ശേഷമായിരിക്കും യോഗം ചേർന്ന് അന്വേഷണ സംഘം തുടർ നടപടികൾ ആലോചിക്കുക. നിലവിൽ ദേവസ്വം വിജിലൻസ് പകുതിയിൽ കൂടുതൽ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെയുള്ള അതിക്രമ ശ്രമത്തിൽ പ്രതിഷേധം ശക്തമാകുന്നു. അക്രമത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ചിഫ് ജസ്റ്റിസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. അതേസമയം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിവിധ അഭിഭാഷക സംഘടനകളും പ്രതിഷേധം അറിയിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രീംകോടതിക്ക് മുന്നിൽ അഭിഭാഷകർ പ്രതിഷേധിക്കും. അഭിഭാഷകനെതിരെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് ചീഫ് ജസ്റ്റിസ്.
ബീഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നടപടികൾ പൂർത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ വോട്ടർ പട്ടിക പുറത്തിറക്കിയിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി പരിഗണിക്കും. നടപടികളിൽ നിയമവിരുദ്ധമായ രീതികൾ കണ്ടെത്തിയാൽ പുതിയ പട്ടിക റദ്ദാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനാൽ പുതിയ വോട്ടർ പട്ടിക സംബന്ധിച്ച് കോടതി എടുക്കുന്ന നിലപാട് ബീഹാർ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്.
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തിങ്കളാഴ്ച ഹർജി പരിഗണിച്ചെങ്കിലും കസ്റ്റംസ് റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2004 മോഡൽ വാഹനം ഇറക്കുമതി ചെയ്തത് റെഡ് ക്രോസ് ആണെന്നും 5 വർഷമായി ഉപയോഗിക്കുന്ന വാഹനം രേഖകൾ പ്രകാരം നിയമവിധേയമായാണ് വാങ്ങിയതെന്നുമാണ് ദുൽഖറിന്റെ വാദം. കസ്റ്റംസിന്റെ കസ്റ്റഡിയിൽ വാഹനം ശരിയായി സൂക്ഷിക്കാൻ സാധ്യതയില്ലെന്നും തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2025ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാക്കും പുരസ്കാര പ്രഖ്യാപനം. മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാരായ ജോൺ ജെ.ഹെപ്പ്ഫീൽഡിനും, ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024ലെ ഭൗതിക ശാസ്ത്ര നൊബേൽ. ഇത്തവണ ഏത് മേഖലയിൽ നിന്നുള്ള ഗവേഷണത്തിനാകും നൊബേൽ എന്നതിലാണ് ആകാംഷ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്. രസതന്ത്ര നോബേൽ ബുധനാഴ്ച പ്രഖ്യാപിക്കും. വ്യാഴാഴ്ചയാകും സാഹിത്യനോബേൽ പ്രഖ്യാപനം. സമാധാന നോബേൽ ആർക്കെന്ന് പത്താംതീയതി അറിയാം. ഒക്ടോബർ പതിമൂന്നിനാണ് സാന്പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപനം.ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാൻ സഹായിക്കുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞ അമേരിക്കൻ ഗവേഷകരായ മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷകൻ ഷിമോൺ സകാഗുച്ചി എന്നിവർക്കായിരുന്നു 2025ലെ വൈദ്യശാസ്ത്ര നൊബേൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam