രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും ഇനി സിറപ്പുകൾ നൽകരുത്: സുപ്രധാന ഉത്തരവുമായി കർണാടക സർക്കാർ

Published : Oct 07, 2025, 03:19 AM IST
ColdRif Cough Syrup Banned

Synopsis

ചുമ മരുന്ന് കഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ കർണാടകയിൽ രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷ സിറപ്പുകൾ നൽകുന്നത് ആരോഗ്യവകുപ്പ് നിരോധിച്ചു. ഡോക്ടർമാർ, ക്ലിനിക്കുകൾ, ഫാർമസികൾക്കും ഉത്തരവ് ബാധകമാണ്.

ബെംഗളൂരു: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകൾ നിർദ്ദേശിക്കുകയോ നൽകുകയോ ചെയ്യരുതെന്ന് കർണാടക ആരോഗ്യ വകുപ്പ്. സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികൾക്ക് പുറമെ ഫാർമസികൾക്കും ക്ലിനിക്കുകൾക്കും ഡോക്ടർമാർക്കും അടക്കം എല്ലാവർക്കും ഈ ഉത്തരവ് ബാധകമാണ്.

തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേശൻ ഫാർമസ്യൂട്ടിക്കൽ നിർമ്മിക്കുന്ന കോൾഡ്രിഫ് സിറപ്പ് (ബാച്ച് നമ്പർ SR-13) കഴിച്ചതിനെ തുടർന്നാണ് മധ്യപ്രദേശിൽ കുട്ടികൾ മരിച്ചത്. ജയ്പൂരിലെ കെയ്‌സൺസ് ഫാർമ നിർമ്മിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ഐപിയുടെ ഉപയോഗിച്ച് രാജസ്ഥാനിലും കുട്ടികൾ മരിച്ചു. മരുന്നു വിൽപ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സിറപ്പ് നൽകുമ്പോൾ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവാരമില്ലാത്ത മരുന്ന് കർണാടകയിൽ വിതരണം ചെയ്തിട്ടില്ലെന്നും എന്നാൽ ഈ ഉൽപ്പന്നങ്ങളിൽ ഏതെങ്കിലും കർണാടകയിൽ വിറ്റഴിക്കപ്പെട്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ബ്രാൻഡുകളുടെയും കഫ് സിറപ്പുകളുടെ സാമ്പിളുകൾ ശേഖരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.

കുട്ടികളിലെ ചുമ, ശ്വസന ലക്ഷണങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് നിയോനാറ്റൽ ആൻഡ് ചൈൽഡ്ഹുഡ് ഇൽനെസ് (IMNCI) മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോളുകളും ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലാംശം, വിശ്രമം, സഹായകരമായ പരിചരണം, പോഷകസമൃദ്ധമായ ഭക്ഷണക്രമം തുടങ്ങിയ ഔഷധേതര നടപടികളെ പ്രോത്സാഹിപ്പിക്കണമെന്നും അത് നിർദ്ദേശിച്ചു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുൺട്രം മലയിലെ ദീപംതെളിക്കൽ വിവാദം; ഹൈക്കോടതി അപ്പീൽ ഹർജി പരിഗണിച്ചില്ല, ഡിസംബർ 12ലേക്ക് മാറ്റി
ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ