മൂന്നാർ പ്ലം ജൂ‍‍‍ഡി റിസോർട്ടിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 10, 2018, 7:30 PM IST
Highlights

 മൂന്നാർ പളളിവാസൽ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളുൾപ്പെടുന്ന 54 സഞ്ചാരികളെ സമാന്തര നടപ്പാതയുണ്ടാക്കിയാണ് രക്ഷപെടുത്തിയത്. ഇവരെ കെറ്റിഡിസിയുടെ റിസോർട്ടിൽ എത്തിച്ചു.

മൂന്നാർ: മൂന്നാർ പളളിവാസൽ പ്ലം ജൂഡി റിസോട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. 22 വിദേശികളുൾപ്പെടുന്ന 59 സഞ്ചാരികളെ സമാന്തര നടപ്പാതയുണ്ടാക്കിയാണ് രക്ഷപെടുത്തിയത്. ഇവരെ കെറ്റിഡിസിയുടെ റിസോർട്ടിൽ എത്തിച്ചു.

റഷ്യയില്‍ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കക്കാരായ ദമ്പതികളെയുമാണ് പുറത്തെത്തിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് വിനോദ സഞ്ചാരികൾ റിസോർട്ടിൽ തുടങ്ങിയ വിവരം പുറത്തുവന്നത്. ഇവിടേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞ് തടസ്സപ്പെടുകയായിരുന്നു. രാവിലെ മുതൽ സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സമാന്തര പാത നിർമ്മിച്ച് സഞ്ചാരികളെ പുറത്തുകൊണ്ടുവരാനായത്. റിസോർട്ടിലെ 21 ന്ന് മുറികളിലായി താമസിച്ചിരുന്ന സന്ദർശകരാണ് അപകടത്തിൽപ്പെട്ടത്

സഞ്ചാരികളെ രക്ഷപ്പെടുത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട റിസോര്‍ട്ടിലാണ് വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങിയതെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അനധികൃതമായി നിര്‍മ്മിച്ച ഈ റിസോര്‍ട്ടിനെതിരെ സർക്കാർ നടപടിയെടുത്തത്. എന്നാല്‍ ഇവർ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതുപോലുള്ളവരാണ് നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്കാകെ ശാപമാകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി‌. 

കഴിഞ്ഞ കാലവർഷത്തിൽ രണ്ട് തവണ റിസോർട്ടിന് സമീപത്ത് പാറ അടർന്ന് വീണിരുന്നു. അതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശപ്രകാരമാണ് ദേവികുളം സബ് കളക്ടർ കെട്ടിടം അടച്ചുപൂട്ടിയത്. എന്നാൽ കോടതിയുടെ നിർദ്ദേശ പ്രകാരം വീണ്ടും റിസോർട്ട് തുറന്ന് പ്രവർത്തിക്കുകയായിരുന്നു. മണ്ണിടിച്ചിലും കനത്തമഴയും തുടരുന്നതിനിടെ ഇക്കുറിയും ഈ റിസോർട്ട് പൂട്ടാന്‍ സബ് കളക്ടര്‍ നോട്ടീസ് നല്‍കിയെങ്കിലും കൈപ്പറ്റാന്‍ റിസോര്‍ട്ട് അധികാരികള്‍ തയ്യാറായില്ല.

ഉത്തരവ് കൈപ്പറ്റിയാല്‍ പിന്നീട് തുറക്കാന്‍ കഴിയാതെ പോകുമെന്നും അതിനാല്‍ 'താല്ക്കാലികമായി അടയ്ക്കുക' എന്ന് ഉത്തരവില്‍ എഴുതിച്ചേര്‍ക്കണമെന്നും റിസോര്‍ട്ട് മാനേജ്മെന്‍റ് ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ല. റിസോട്ടിന് സമീപത്ത് കനത്ത മഴയും മണ്ണിടിച്ചിലും ഇപ്പോഴും തുടരുകയാണ്. 

click me!