ശബരിമലയില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ടി പി സെന്‍കുമാര്‍; 'കോടതി പ്രവേശനം അനുവദിച്ചത് ഹിന്ദു യുവതികള്‍ക്ക്'

By Web TeamFirst Published Dec 25, 2018, 8:42 PM IST
Highlights

'ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആറ് പ്രാവശ്യം ഹിന്ദു സ്ത്രീകള്‍ എന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഏതൊരു യുവതിക്കും അവിടെ കയറി ചെല്ലാമെന്നല്ല സുപ്രീം കോടതി പറഞ്ഞത്."

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന പൊലീസിന് വീഴ്ച സംഭവിച്ചതായി മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. സുപ്രീം കോടതി വിധി പ്രകാരം ഹിന്ദു യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിക്കപ്പെട്ടതെന്നും രഹന ഫാത്തിമ അടക്കമുള്ള ആളുകളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചത് മുതല്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആറ് പ്രാവശ്യം ഹിന്ദു സ്ത്രീകള്‍ എന്ന് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ഏതൊരു യുവതിക്കും അവിടെ കയറി ചെല്ലാമെന്നല്ല സുപ്രീം കോടതി പറഞ്ഞത്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയ്ക്കുള്ള സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് മാറ്റിക്കൊടുക്കുക മാത്രമാണ് കോടതി ചെയ്തിരിക്കുന്നത്', സെന്‍കുമാര്‍ പറഞ്ഞു.

പൊലീസ് പല പ്രാവശ്യം നിയമവിരുദ്ധമായ കാര്യം ചെയ്തുവെന്നും കോടതി ഉത്തരവിന് വിരുദ്ധമായി അഹിന്ദുക്കളായ സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ കൊണ്ടുപോയതു തന്നെ നിയമപരമായി തെറ്റാണെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

click me!