
ഭുവനേശ്വര്‍: ഒഡീഷയില്‍ യാത്രക്കാരെയും കൊണ്ട് എന്‍ജിനില്ലാതെ തീവണ്ടി സഞ്ചരിച്ചത് 10 കിലോമീറ്റര്‍. തീവണ്ടി എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ സ്‌കിഡ് ബ്രേക്ക് നല്‍കാതിരുന്നതാണ് അപകടത്തിന് കാരണമായത്. ഭുവനേശ്വറിലെ തിത്‌ലഗഢ് സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രി 10മണിക്കായിരുന്നു സംഭവം.
ഒഡീയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള തിത്‌ലഗഢ് സ്‌റ്റേഷനില്‍ വെച്ചാണ് അഹമ്മദാബാദ് പുരി എക്സ്പ്രസ് എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുത്ത്. തിത്‌ലഗഢില്‍ നിന്ന് കേസിംഗയിലേക്കുള്ള റെയില്‍വേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എന്‍ജിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാന്‍ ഇടയാക്കിയത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ റെയില്‍വേ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ട്രാക്കിലേക്ക് കല്ലും കമ്പുകളുമിട്ട് തീവണ്ടി നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും എല്ലാ ശ്രമങ്ങളും വിഫലമായി. പത്ത് കിലോമീറ്റര്‍ തീവണ്ടി യാത്ര തുടര്‍ന്നു. സ്റ്റേഷനിലൂടെ തീവണ്ടി കടന്നു പോകുമ്പോള്‍ ചങ്ങലവലിച്ച് ട്രെയിന് നിര്‍ത്താന്‍ ഉറക്കെ വിളിച്ചുപറഞ്ഞും ആംഗ്യം കാണിച്ചും റെയില്‍വേ ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നത് എഎന്‍ഐ ട്വീറ്റ് ചെയ്ത വീഡിയോയില്‍ കാണാം.
അപകടസമയത്ത് ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ എല്ലാം സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. അന്വേഷണ വിധേയമായി ഉത്തരവാദിത്വപ്പെട്ട രണ്ട് ജീവനക്കാരെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam