ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയെ സൈനികര്‍ യുദ്ധക്കപ്പലില്‍നിന്ന് ഇറക്കിവിട്ടു

By Web DeskFirst Published Jul 18, 2016, 5:50 PM IST
Highlights

ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗ മാധ്യമപ്രവര്‍ത്തകയായ അപ്‌സര റെഡ്ഡിയെ ചെന്നൈ തുറമുഖത്തുവെച്ച് സൈനികര്‍ അപമാനിച്ചതായി ആരോപണം. ഇന്നലെ തുറമുഖത്തുണ്ടായിരുന്ന ഒരു യുദ്ധക്കപ്പല്‍ സന്ദര്‍ശിയ്ക്കാനെത്തിയ അപ്‌സര റെഡ്ഡിയോട് ഇത്തരം ആളുകളെ കപ്പലില്‍ കയറ്റാനാകില്ലെന്നും ഉടന്‍ മടങ്ങണമെന്നും ഒരു സംഘം സൈനികര്‍ ആവശ്യപ്പെട്ടു. സൈനികരുടെ നടപടിയ്‌ക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിയ്ക്കുമെന്ന് അപ്‌സര റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗ മാധ്യമപ്രവര്‍ത്തക. ഓസ്‌ട്രേലിയയിലെ മൊണാഷ്, ലണ്ടനിലെ സിറ്റി സര്‍വകലാശാലകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദം. ബിബിസി, ദ ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എന്നീ മാധ്യമസ്ഥാപനങ്ങളിലെ പ്രവൃത്തിപരിചയം. ഇപ്പോള്‍ പ്രൊവോക് എന്ന മുന്‍നിര ഫാഷന്‍ മാഗസിന്റെ ചീഫ് എഡിറ്റര്‍. നാവികസേനയുടെ യുദ്ധക്കപ്പലിനെക്കുറിച്ച് ഫീച്ചര്‍ തയ്യാറാക്കാനെത്തിയ അപ്‌സര റെഡ്ഡി എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് ഈ യോഗ്യതകളൊന്നും മതിയാകുമായിരുന്നില്ല. ഇത്തരം ആളുകളെ കപ്പലില്‍ കയറ്റാന്‍ നിയമമനുവദിയ്ക്കുന്നില്ലെന്ന് പറഞ്ഞാണ് നാവികസേനാ ഉദ്യോഗസ്ഥര്‍ തന്നെ ഇറക്കി വിട്ടതെന്ന് അപ്‌സര റെഡ്ഡി പറയുന്നു.

മോശമായി പെരുമാറിയ ഉദ്യോഗസ്ഥരുടെ പേര് സഹിതം പരാതി നല്‍കിയിട്ടും നാവികസേനാ അധികൃതരോ തുറമുഖ അധികൃതരോ കേസെടുത്തിട്ടില്ല.

സംഭവം വിവാദമായതോടെ കപ്പല്‍ തങ്ങളുടേതല്ലെന്ന് പറഞ്ഞ് പരസ്പരം പഴിചാരുകയാണ് കോസ്റ്റ് ഗാര്‍ഡും നാവികസേനയും.

click me!