മേലുദ്യോഗസ്ഥരുടെ പീഡനം, ട്രാന്‍സ്ജെന്‍ഡര്‍ പൊലീസ് ഓഫീസര്‍ ലൈവായി ആത്മഹത്യക്ക് ശ്രമിച്ചു; വീഡിയോ രക്ഷയായി

By Web TeamFirst Published Dec 6, 2018, 1:17 AM IST
Highlights

രാമനാഥപുരം ജില്ലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൊലീസ് ഓഫീസറായ ആര്‍ നസ്രിയയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തമിഴ്നാട് പൊലീസ് റിസര്‍വ്വ് ബറ്റാലിയന്‍ ഓഫീസറായ നസ്രിയ ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്

ചെന്നൈ: മേലുദ്യോഗസ്ഥരുടെ പീഡനം കാരണം തമിഴ്നാട്ടില്‍ ട്രാന്‍സ്ജെന്‍ഡർ പൊലീസ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യ ചെയ്യുന്ന ലൈവ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സഹപ്രവര്‍ത്തകര്‍ എത്തി ഇയാളെ ആശുപത്രിയിലാക്കി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഓഫീസര്‍ പറഞ്ഞു.

രാമനാഥപുരം ജില്ലയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പൊലീസ് ഓഫീസറായ ആര്‍ നസ്രിയയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തമിഴ്നാട് പൊലീസ് റിസര്‍വ്വ് ബറ്റാലിയന്‍ ഓഫീസറായ നസ്രിയ ഡ്യൂട്ടിക്ക് ശേഷം വീട്ടില്‍ തിരിച്ചെത്തിയ ഉടനെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഇന്‍സ്പെക്ടര്‍ മുത്തുരാമലിംഗം, എഎസ്ഐ ജയശീലന്‍, കോണ്‍സ്റ്റബിള്‍ പാര്‍ഥിപന്‍ എന്നീ മൂന്ന് മേല്‍ഉദ്യോഗസ്ഥരുടെ പീഡനം സഹിക്കാതെയാണ് ആത്മഹത്യയെന്ന് നസ്രിയ വീഡിയോയയില്‍ പറയുന്നു.

മൂന്ന് മേലുദ്യോഗസ്ഥര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും അപമാന പ്രചരണഘങ്ങള്‍ നടത്തിയെന്നും നസ്രിയ ആരോപിക്കുന്നു. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ആത്മഹത്യ ചെയ്യുന്ന ലൈവ് വീഡിയോ പ്രചരിച്ചതോടെ നസ്രിയ ജോലി ചെയ്യുന്ന സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആശുപ്ത്രിയില്‍ എത്തിച്ചത്. ആരോഗ്യനില ഭേദപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒരു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് ആര്‍ നസ്രിയ തമിഴ്നാട് പൊലീസ് സര്‍വ്വീസില്‍ പ്രവേശിക്കുന്നത്. എഴുത്തുപരീക്ഷ പാസായെങ്കിലും ട്രാന്‍സ്ഡെന്‍ഡറായ നസ്രിയക്ക് കായികക്ഷമതാ പരീക്ഷ നടത്താന്‍ അധികൃതര്‍ വിസമ്മതിച്ചു. ഒടുവില്‍ മധുര ബെഞ്ചില്‍ നിന്ന് അനുകൂല വിധി നേടിയാണ് നസ്രിയ തമിഴ്നാട് പൊലീസ് സേനയുടെ ഭാഗമായത്. സംഭവത്തില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. എന്നാല്‍ അനാവശ്യമായി നസ്രിയ അവധി ചോദിച്ചെന്നും ഇത് എതിര്‍ത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ വാദം.

click me!