ശബരിമല: തുടര്‍നടപടി സംബന്ധിച്ച ദേവസ്വം ബോര്‍ഡിന്‍റെ ആശയക്കുഴപ്പം തുടരുന്നു

By Web TeamFirst Published Oct 23, 2018, 2:39 PM IST
Highlights

സുപ്രീംകോടതി വിധിയുടെ തുടര്‍നടപടി സംബന്ധിച്ച് ദേവസ്വം ബോര്‍ഡില്‍ ആശയക്കുഴപ്പം.  തുടർനടപടികളിൽ ഇന്ന് ചർച്ചയില്ലെന്ന് എ.പത്മകുമാർ. റിട്ട് ഹര്‍ജികളില്‍ കോടതി നടപടി നിരീക്ഷിക്കും. നിലപാട് ചോദിക്കുമ്പോള്‍ അറിയിക്കും. പരസ്യപ്രതികരണത്തിനില്ലെന്ന് ബോര്‍ഡ്.

തിരുവനന്തപുരം: സ്ത്രീപ്രവേശനവിധിയിലെ തുടര്‍നടപടിയെച്ചൊല്ലി ദേവസ്വം ബോര്‍ഡിലെ ആശയക്കുഴപ്പം തുടരുന്നു. ബോര്‍ഡ് യോഗം ഇന്ന് ചര്‍ച്ച ചെയ്യുമെന്ന നിലപാട് പ്രസിഡന്‍റ് തിരുത്തി. തീരുമാനം നീളുന്ന സാഹചര്യത്തിലാണ് തുടർനടപടികൾ ഇന്ന് ചർച്ച ചെയ്യുന്നില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചത്. അതിനിടെ ശബരിമലയിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷന്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഒരാഴ്ചക്കിടെ രണ്ടാമതും ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. ശബരമിലയിലെ സാഹചര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇത് തിരിച്ചടിയാകുമെന്ന നിയമവിദഗ്ധകരുടെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് ആ നീക്കം ഉപേക്ഷിച്ചു. വിശ്വാസികളുടെ താത്പര്യവും, ആചാരവും സംരക്ഷിക്കാന്‍ സുപ്രീംകോടതില്‍ ഇടെപെടുമെന്നായിരുന്നു ഇന്നലെത്തെ പ്രഖ്യാപനം.

എന്നാല്‍ ഇന്ന് ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് ഒരു മണിക്കൂറിനകം സത്രീപ്രവേശന കേസിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നില്ല എന്ന ഔദ്യോഗിക അറിയിപ്പ് വന്നു. നവംബര്‍ 13ന് റിട്ട് ഹര്‍ജികള്‍ സു്പ്രീംകോടതി പരിഗണിക്കും. ദേവസ്വം ബോഡിന്‍റെ അഭിപ്രായം കോടതി തേടുമ്പോള്‍ അറിയിക്കാനാണ് നീക്കം. അതിനിടെ ശബരിമലയിലെ സാഹചര്യം സംബന്ധിച്ച് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മണ്ഡലകാലത്തും സന്നിധാനത്ത് പ്രക്ഷോഭകരുടെ സാന്നിദ്ധ്യമുണ്ടാകാം. യുവതി പ്രവേശം തടയാനുള്ള ശ്രമം വലിയ ക്രമസമാധാന പ്രശനത്തിന് വഴിവച്ചേക്കാം. ഇതുവരെ നടന്ന അക്രമങ്ങളില്‍ 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

click me!