
തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തെത്തുടര്‍ന്ന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് പ്രതിസന്ധിയില്‍. ബില്ലുകള്‍ മാറാതായതോടെ പഞ്ചായത്തുകളിലും നഗരസഭകളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 334കോടി രൂപയാണ് ട്രഷറികളില്‍ കെട്ടിക്കിടക്കുന്നത്.
ജനുവരി 20 മുതലാണ് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം തുടങ്ങിയത്. ഒരു ലക്ഷം രൂപയ്ക്കു മേലുളള സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ബില്ലുകള്‍ക്കായിരുന്നു ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ചെറുകിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകളിലെ കരാറുകാര്‍ ഇതോടെ വെട്ടിലായി. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ വരെയുളള ബില്ലുകള്‍ മാറാമെന്ന് വ്യക്തമാക്കി ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കിയെങ്കിലും കരാറുകാര്‍ക്ക് ഇതിന്‍റെ ആനുകൂല്യം കിട്ടില്ല.
നിലവില്‍ ട്രഷറികളിലെത്തുന്ന ഒരു ലക്ഷത്തിനു മേലുളള കരാര്‍ ബില്ലുകള്‍ ക്യൂ സിസ്റ്റത്തിലേക്ക് മാറ്റുകയാണ്. സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പടുന്നതനുസരിച്ച് ക്യൂവില്‍ ആദ്യം എത്തിയ ബില്ലുകള്‍ ആദ്യം എന്ന നിലയില്‍ പാസാക്കും.
എന്നാല്‍ ബില്ലുകള്‍ എന്ന് പാസാകുമെന്ന് വ്യക്തതയില്ലാത്തതിനാല്‍ പലരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പൊതുവിപണിയില്‍ നിന്ന് കടമെടുക്കാനുളള കേരളത്തിന്‍റെ പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയതാണ് സംസ്ഥാനത്തെ പൊടുന്നനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും ട്രഷറി നിയന്ത്രണത്തിലേക്കും തളളിവിട്ടതെന്നാണ് ധനവകുപ്പിന്‍റെ വാദം.
1800 കോടിയോളം രൂപ ഇതുവഴി കിട്ടാതായി. ഏതായാലും സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പരമാവധി പദ്ധതികള്‍ നടപ്പാക്കാനായി ഊര്‍ജ്ജിത ശ്രമം നടത്തിയിരുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ് ട്രഷറി നിയന്ത്രണം ഏറ്റവുമധികം തിരിച്ചടിയായത്. പിഡബ്ല്യുഡി, ഇറിഗേഷന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ക്ക് ട്രഷറി നിയന്ത്രണം ബാധകമാക്കിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam