പാട്ടക്കുടിശ്ശിക 50 കോടിയിലേറെ: തലസ്ഥാനത്തെ വന്‍കിട ക്ലബുകള്‍ക്കെതിരെ ജില്ലാ ഭരണകൂടം

By Web TeamFirst Published Feb 24, 2019, 10:29 AM IST
Highlights

50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഓരോ ക്ലബുകളുടെയും കുടിശ്ശിക. ഇവയോരോന്നും വൻ തുക അംഗത്വ ഫീസ് പിരിക്കുന്നവയുമാണ്.

തിരുവനന്തപുരം:കോടിക്കണക്കിന് രൂപ പാട്ടക്കുടിശ്ശിക വരുത്തിയ തലസ്ഥാനത്തെ വന്‍കിട ക്ലബുകള്‍ക്കെതിരെ ജില്ലാ ഭരണകൂടം നടപടി തുടങ്ങി.  50 ലക്ഷം മുതല്‍ അഞ്ച് കോടി രൂപ വരെയാണ് ഓരോ ക്ലബുകളുടേയും കുടിശ്ശിക. അടിയന്തിരമായി അഞ്ച് കോടിയുടെ കുടിശ്ശിക അടക്കണമെന്നാവശ്യപ്പെട്ട് നാഷനൽ ക്ലബ്ബിന് ജില്ലാ കളക്ടര്‍ നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റു സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കാനും പ്രതികരിക്കാത്ത പക്ഷം തുടര്‍നടപടികളിലേക്ക് കടക്കാനുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. 

സര്‍ക്കാരില്‍ നിന്ന് ഭൂമി പാട്ടത്തിനെടുക്കുകയും ജില്ലാ ഭരണകൂടവുമായി കരാറുണ്ടാക്കുകയും ചെയ്ത ക്ലബ്ബുകളും സംഘടനകളുമാണ് കോടികളുടെ കുടിശ്ശിക അടക്കാതെ  സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നത്. ക്ലബ്ബുകൾക്കെതിരായ നടപടിയുടെ ആദ്യ ഘട്ടമായാണ് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിന് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്.

പാട്ടക്കുടിശിക വരുത്തിയ പ്രമുഖ ക്ലബുകളും കുടിശിക തുകയും ഇങ്ങനെ.

ശ്രീമൂലം ക്ലബ് - 60,68,000 രൂപ, ടെന്നിസ് ക്ലബ് - 7.50 കോടി, വീരകേരള ജിംഖാന 89 ലക്ഷം, മുസ്ലിം അസോസിയേഷന്‍ 50 ലക്ഷം, കെഎസ്ഇബി 33 ലക്ഷം, റെഡ്ക്രോസ് സൊസൈറ്റി 43 ലക്ഷം, വൈഎംസിഎ രണ്ടു കോടി 40 ലക്ഷം, സിറ്റി ആന്‍ഡ് ശ്രീകുമാര്‍ തിയേറ്റര്‍ ഒരു കോടി 23 ലക്ഷം, പഞ്ചായത്ത് അസോസിയേഷന്‍ 49 ലക്ഷം, വെളളയമ്പലത്തെ ട്രിവാന്‍ഡ്രം വുമണ്‍സ് ക്ളബ് ഒരു കോടി 95 ലക്ഷം, ചിന്‍മയ മിഷന്‍ രണ്ട് കോടി 12 ലക്ഷം, ചട്ടന്പി സ്വാമി ക്ളബ് 44 ലക്ഷം. ന​ഗരത്തിലെ വിവിധ ക്ലബുകളും സംഘടനകളും  സ്ഥാപനങ്ങളും കൂടി  സര്‍ക്കാരിലേക്ക് കുടിശ്ശികയായി അടയ്ക്കാനുളളത് 50 കോടി രൂപയിലേറെയാണെന്നാണ ്കണക്ക്. 

പല ക്ലബുകള്‍ക്കും 30 വര്‍ഷമോ അതിനു മുകളിലോ ഉളള ദീര്‍ഘകാല പാട്ടത്തിനാണ് ഭൂമി നല്‍കിയിട്ടുളളത്. ചിലര്‍ക്കാകട്ടെ വര്‍ഷാവര്‍ഷം പാട്ടക്കാലവാധി പുതുക്കേണ്ട വ്യവസ്ഥയിലും. വസ്തുവിന്‍റെ വിപണിവിലയുടെ അടിസ്ഥാനത്തിലാണ് പാട്ടത്തുക നിശ്ചയിക്കുന്നത്. ക്ലബുകള്‍ വാണിജ്യ ആവശ്യത്തിനുളളതാണെങ്കില്‍ വിപണി വിലയുടെ അഞ്ചു ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനുളള ക്ലബാണെങ്കില്‍ വസ്തുവിന്‍റെ രണ്ടു ശതമാനവുമാണ് പാട്ടത്തുക.

2016-ല്‍ പല ക്ലബുകള്‍ക്കും സര്‍ക്കാര്‍ പാട്ടക്കാലാവധി പുതുക്കി നല്‍കിയെങ്കിലും ആരും തന്നെ കുടിശിക തീര്‍ത്തില്ല. ഇതിനെത്തുടര്‍ന്ന് വന്‍ കുടിശികയുളള ക്ലബുകൾക്കെതിരെ റവന്യൂ റിക്കവറി അടക്കമുളള നടപടി തുടങ്ങിയതോടെ പലരും കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി. കോടിയില്‍ പോകാത്തവരാകട്ടെ രാഷ്ട്രീയ സ്വാധീനത്തിന്‍റെ ബലത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നത്. 

click me!