ശശിധരൻ കർത്തായുടെ കമ്പനി കയ്യേറിയ കരിമണൽ ഭൂമി തിരിച്ചു പിടിക്കാത്തതിൽ ദുരൂഹത

By Web TeamFirst Published Feb 24, 2019, 10:22 AM IST
Highlights

ഭൂമി തിരിച്ച് പിടിക്കണമെന്ന് ലാൻഡ് ബോർഡ് തീരുമാനമെടുത്തിട്ടും ഉത്തരവ് ആലപ്പുഴ കളക്ടറേറ്റ് അട്ടിമറിച്ചു. അതെങ്ങനെ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

ആലപ്പുഴ: ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ KREML അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാനുള്ള താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനം നടപ്പാക്കാത്തതിൽ ദുരൂഹത. ഭൂമി തിരിച്ച് പിടിക്കുന്നതിൽ ഉത്തരവിറക്കാതെ നടപടികൾ എല്ലാം മരവിപ്പിച്ചു. ഏഷ്യാനെറ്റ്ന്യൂസ് അന്വേഷണം തുടരുന്നു.

കാര്‍ത്തികപ്പള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂമി തിരിച്ചുപിടിക്കുന്നതിനായി നിരവധി തവണ ഹിയറിംഗ് നടത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മുപ്പതിന് നടത്തിയ ഹിയറിംഗില്‍ കര്‍ത്തയുടെ കമ്പനിക്ക് പതിനഞ്ച് ഏക്കര്‍ ഭൂമി കൈവശം വെക്കാന്‍ മാത്രമേ അധികാരമുള്ളൂ എന്ന് തീരുമാനമെടുത്തു.

30.04.18 ന് തന്നെ അന്നത്തെ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ തീരുമാനം ഉത്തരവാക്കാന്‍ ഫയലില്‍ കുറിച്ചു. കമ്പനിയുടെ 15 ഏക്കര്‍ ഭൂമി ഏതാണെന്ന മറുപടി കിട്ടിയ ശേഷം ഉത്തരവിറക്കാമെന്നാണ് ഫയല്‍. കമ്പനിക്ക് നോട്ടീസയച്ചില്ല. തീരുമാനമനുസരിച്ച് അന്തിമ ഉത്തരവും ഇല്ല. നാല് ദിവസം കഴിഞ്ഞപ്പോള്‍ അതുല്‍ സ്വാമിനാഥിനെ സ്ഥലം മാറ്റിയതോടെയാണ് ഫയലില്‍ അട്ടിമറി തുടങ്ങിയത്. 

താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഐകകണ്ഠേന എടുത്ത ഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനം വകവെയ്ക്കാതെ കലക്ട്രേറ്റിലെ ഭൂപരിഷ്കരണ വിഭാഗത്തിലെ സെക്ഷന്‍ ക്ലര്‍ക്ക് രാജേഷ് കുറിച്ചത് വേറെ. 14.03.2018 ല്‍ കമ്പനി നല്‍കിയ ഒബ്ജക്ഷന്‍ സ്റ്റേറ്റ്മെന്‍റ് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാനായിരുന്നു നോട്ട്. അവസാന ഹിയറിംഗിന് ഒന്നരമാസം മുമ്പ് കൊടുത്ത തടസ്സ വാദം വീണ്ടും ഫയലിലേക്ക്. ഈ തടസ്സവാദം ലാന്‍ഡ് ബോര്‍ഡിന്‍റെ മുന്നില്‍ വന്ന് പരിഗണിക്കാനാവില്ലെന്ന് തീരുമാനിച്ച ശേഷം തള്ളിയതായിരുന്നു.

അനധികൃതമായി കൈവശം വെച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഇടപെടല്‍ നടത്തിയ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുക. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍റെ തീരുമാനം അട്ടിമറിക്കുക. വമ്പന്‍മാരുടെ കാര്യത്തില്‍ ആലപ്പുഴ കലക്ട്രേറ്റില്‍ കാര്യങ്ങള്‍ തോന്നുംപോലെയാണ്.

Read More: അനധികൃത കരിമണല്‍ ഭൂമി സ്വകാര്യകമ്പനിയിൽ നിന്നും തിരിച്ചു പിടിക്കാതെ ആലപ്പുഴ ജില്ലാ ഭരണകൂടം

ആലപ്പുഴയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ ഉള്‍പ്പെടുന്ന മേഖലയാകെ കരിമണൽ കൊണ്ട് സമ്പന്നമാണ്. നേരത്തെ തന്നെ സ്വകാര്യ കമ്പനികള്‍ ഇവിടം ഭൂമി വ്യാപകമായി വാങ്ങിക്കൂട്ടിയിരുന്നു. അങ്ങനെയാണ് ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ കെആര്‍ഇഎംഎല്ലും ഇവിടേക്കെത്തുന്നത്. തിരദേശത്തെ റോഡിന് അപ്പുറം കടലിനോട് ചേര്‍ന്ന കരിമണല്‍ നിറഞ്ഞ 60  ഏക്കറിലേറെ ഭൂമിയാണ് കെആര്‍ഇഎംഎല്‍ സ്വന്തമാക്കിയത്. 

അധികം വൈകാതെ ഭൂമി അനധികൃതമാണെന്നും ഭൂപരിധി ലംഘിച്ചിട്ടുണ്ടെന്ന് കാണിച്ച് പരാതികളെത്തി. പ്രദേശം ഉള്‍പ്പെടുന്ന കാര്‍ത്തികപ്പള്ളി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് പരാതികളിൽ കേസെടുത്ത് നടപടികള്‍ തുടങ്ങി. ഒടുവില്‍ പതിന‍ഞ്ച് ഏക്കര്‍ ഭൂമി മാത്രം കൈവശം വെക്കാന്‍ അധികാരമുള്ള കമ്പനിയുടെ കയ്യില്‍ 45 ഏക്കര്‍ ഭൂമി ഉള്ളത് അനധികൃതമാണെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. കേരളാ ഭൂപരിഷ്കരണ നിയമമനുസരിച്ച് ഈ ഭൂമി പിടിച്ചെടുക്കാനുള്ള നടപടിക്ക് ശുപാർശ വന്നു. തുടർന്ന് താലൂക്ക് ലാന്‍ഡ് ബോര്‍‍ഡ് ഹിയറിംഗ് നടത്തി അധികമുള്ള ഭൂമി തിരിച്ചുപിടിക്കാനുള്ള തീരുമാനവുമെടുത്തു. 

കേസിൽ അവസാന ഹിയറിംഗ് നടന്ന 2018  ഏപ്രില്‍ മാസം മുപ്പതിന് അന്നത്തെ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും ആലപ്പുഴ എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറുമായിരുന്ന അതുല്‍ സ്വാമിനാഥ് ഹിയറിംഗ് തീരുമാനപ്രകാരം കരട് ഉത്തരവ് തയ്യാറാക്കണമെന്ന് ഫയലില്‍‍ കുറിച്ചു. തിരിച്ചുപിടിക്കുമ്പോള്‍ ഏത് ഭൂമിയാണ് ഒഴിവാക്കേണ്ടത് എന്ന് കാണിക്കാന്‍ കമ്പനിക്ക് നോട്ടീസ് നല്‍കണമെന്നും ഫയലിലുണ്ട്.

ഈ തീരുമാനമെടുത്ത് നാലാമത്തെ ദിവസം അതുലിനെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ചുമതലയിലേക്ക് മാറ്റി. പിന്നീട് ഒന്നും നടന്നില്ല. ഉത്തരവ് പുറത്തിറക്കാനുള്ള നോട്ട് ഫയലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ഒന്നാകുന്നു. അട്ടിമറിയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഭൂമി തിരിച്ചുപിടിക്കാന്‍ അടിയന്തര ഇടപെടലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ്  ഇതേക്കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഇപ്പോൾ പറയുന്നത്. 

ഇതേക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ വാർത്ത നൽകിയപ്പോൾ റവന്യൂമന്ത്രി റിപ്പോർട്ട് തേടിയിരുന്നു. കെആർഇഎംഎല്ലിന്‍റെ ഭൂമി തിരിച്ച് പിടിക്കാത്തതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ആലപ്പുഴ ജില്ലാ കളക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

click me!