മെക്സിക്കന്‍ മതില്‍; എതിര്‍ത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ്

By Web TeamFirst Published Jan 5, 2019, 9:39 AM IST
Highlights

മെക്സിക്കന്‍ അതിർത്തിയിലെ മതിൽ നിർമ്മാണവുമായി മുന്നോട്ട് പോകാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

വാഷിംഗ്ടണ്‍: മെക്സിക്കന്‍ അതിർത്തിയിലെ മതിൽ നിർമ്മാണവുമായി മുന്നോട്ട് പോകാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്‍റ്  ഡോണൾഡ് ട്രംപ്. ഡമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പുതിയ ജനപ്രതിനിധിസഭ മെക്സിക്കൻ മതിലിനെ അനുകൂലിക്കുന്നില്ല. രാജ്യത്തിന്‍റെ സുരക്ഷയാണ് തനിക്ക് പ്രധാനപ്പെട്ടതെന്ന് വ്യക്തമാക്കുന്ന പ്രസിഡന്‍റ് മെക്സിക്കൻ മതിൽ നി‍ർമ്മാണ ഫണ്ട് കിട്ടാതെ ഒരു ബില്ലിലും ഒപ്പിടില്ലെന്ന നിലപാടിലാണ്. ഇതോടെ ഭാഗികമായ ട്രഷറി സ്തംഭനം ഇനിയും നീളുമെന്ന് ഉറപ്പായി. എട്ടുലക്ഷം പേർക്ക് ഡിസംബർ 22 മുതൽ ശമ്പളം കിട്ടിയിട്ടില്ല.

തന്‍റെ പദ്ധതിക്ക് ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ ഗവണ്‍മെന്‍റ് സ്തംഭിപ്പിക്കുമെന്നും സ്തംഭനം ഒരുപക്ഷേ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ട്രംപ് വ്യക്തമാക്കി. താന്‍ അതിന് തയ്യാറെടുത്തു കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു. ഡെമ്രോക്കാറ്റുകളുടെ മുഖ്യ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

അതേസമയം, ട്രംപിന്‍റെ മതില്‍ നിര്‍മ്മാണ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ മെക്‌സിക്കോയില്‍ തെരുവിലിറങ്ങി. വലിയ മനോഹരമായ അതിര്‍ത്തി മതില്‍ നിര്‍മ്മിച്ചാല്‍ രാജ്യം ഗുരുതര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രതിഷേധക്കാര്‍ തുറന്നടിച്ചു. മെക്‌സിക്കോ ബഹുമാനിക്കപ്പെടണമെന്ന് എഴുതിയ കൂറ്റന്‍ ബാനറുമേന്തി പ്രതിഷേധക്കാര്‍ തലസ്ഥാനനഗരമായ മെക്‌സിക്കോസിറ്റി കീഴടക്കി. ചുവപ്പും വെള്ളയും പച്ചയും നിറമാര്‍ന്ന മെക്‌സിന്‍ കൊടിയുമേന്തി ആയിരക്കണക്കിന് പോലീസുകാര്‍ നോക്കി നില്‍ക്കേ പ്രതിഷേധക്കാര്‍ തലസ്ഥാനത്തെ പ്രധാന പാതയിലൂടെ മാര്‍ച്ച് ചെയ്തു പോയി. പ്രതിഷേധക്കാരില്‍ ചിലര്‍ ട്രംപിനെ ഹിറ്റ്‌ലറിന്റെ വിഖ്യാതമായ മീശ വെച്ച് ബനിയനില്‍ ചിത്രീകരിച്ചിരുന്നു.


 

click me!