ബിജെപി നേതാക്കളുടെ ഭീഷണിയിൽ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

By Web DeskFirst Published Jan 9, 2018, 5:20 PM IST
Highlights

ബെംഗളുരു: ഇതരമതത്തിൽപ്പെട്ട യുവാവുമായുളള സൗഹൃദത്തിന്‍റെ പേരിൽ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് പെൺകുട്ടി ജീവനൊടുക്കി. കർണാടകത്തിലെ ചിക്കമംഗളൂരുവിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ യുവമോർച്ച നേതാവടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മുഡിഗരെയിലെ ബിരുദവിദ്യാർത്ഥിനിയായ ധന്യശ്രീയാണ് ഞായറാഴ്ച രാത്രി വീട്ടിൽ തൂങ്ങി മരിച്ചത്. പെൺകുട്ടിയുടെ ആത്മഹത്യക്ക് പ്രേരണയായത് ബിജെപി നേതാക്കളുടെ മാനസിക പീഡനമാണെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി. വീട്ടിൽ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പിന്‍റെയും ധന്യശ്രീയുടെ ഫോൺവിവരങ്ങളുടെയും അടിസ്ഥാനത്തിൽ പൊലീസ് നൽകുന്ന വിവരം ഇങ്ങനെയാണ്.

തന്‍റെ സുഹൃത്ത് സന്തോഷുമായി ധന്യശ്രീ നടത്തിയ വാട്സ്ആപ്പ് സംഭാഷണമാണ് കുഴപ്പമായത്. ഇതരമതത്തിൽപ്പെട്ട യുവാക്കളുമായി സൗഹൃദം പാടില്ലെന്ന് സന്തോഷ് ധന്യശ്രീയെ വിലക്കിയിരുന്നു. തനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ ഇതിന് മറുപടി സന്ദേശമയച്ചു. ഇത് മുഡിഗരെയിലെ ബിജെപി ബജ്റംഗ്ദൾ നേതാക്കളെ സന്തോഷ് അറിയിച്ചു. യുവമോർച്ച നേതാവ് അനിൽരാജ് അടക്കം അഞ്ചംഗ സംഘം വെളളിയാഴ്ച വൈകീട്ട് വീട്ടിലെത്തി ധന്യശ്രീയെ ഭീഷണിപ്പെടുത്തി. ഇതിനിടെ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചു. പെൺകുട്ടി ഒരു യുവാവിനൊപ്പം നിൽക്കുന്ന ചിത്രവും ചേർത്തായിരുന്നു ഇത്. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് പെൺകുട്ടിയുടെ കുറിപ്പിലും പറയുന്നു.


മറ്റൊരു സമുദായത്തിൽപ്പെട്ട ആളുമായി കറങ്ങിനടക്കുകയാണെന്നും ലവ്  ജിഹാദാണെന്നും ആരോപിച്ചാണ് താനും അമ്മയുമായി അഞ്ചംഗ സംഘം വഴക്കിട്ടതെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. അനിൽ രാജും മറ്റൊരു ബജ്റംഗ്ദൾ നേതാവുമാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിൽ പെൺകുട്ടിക്കെതിരെ അപവാദപ്രചരണം നടത്തിയവരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

click me!