
തൃശൂർ: സ്കൂൾ തുറക്കാൻ രണ്ട് ദിവസം ശേഷിക്കെ പലവിധ ദുരിതങ്ങളും പേറി അധികൃതരുടെ നെട്ടോട്ടം. ഫിറ്റ്നസ് കിട്ടാത്തതാണ് പ്രധാന പ്രശ്നം. നവീകരണത്തിനുള്ള ഫണ്ട് കിട്ടാതിരുന്നതും പ്രതിസന്ധിയായി. എൽ.എസ്.ജി.ഡി ചീഫ് എന്‍ജിനീയർ, അസി.എൻജിനീയർമാർക്ക് നൽകിയ കർശന നിർദേശവും വിലപോയില്ല. നിലവില്‍ സ്കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധന എങ്ങുമെത്താത്ത സാഹചര്യം തുടരുകയാണ്.
മെയ് 25 ന് സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. എന്നാൽ ഫിറ്റ്നസ് പരിശോധന ജില്ലയിൽ കാൽ ശതമാനം പോലും പൂർത്തിയായിട്ടില്ല. എയ്ഡഡ് മേഖലയിലാണ് അൽപമെങ്കിലും അറ്റകുറ്റപണി നടന്നിട്ടുള്ളത്. അറ്റകുറ്റപണികൾ ഇഴയുന്നതായി നേരത്തെ വാർത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് എൻജിനീയർ, അസി.എൻജിനീയർക്ക് പരിശോധന ധ്രുതഗതിയിലാക്കുന്നതിന് കർശന നിർദേശം കൈമാറിയത്.
എന്നാൽ സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കവേ പരിശോധന അവസാന ദിവസങ്ങളിലേക്ക് നീങ്ങിയത് കാര്യങ്ങൾ വലച്ചു. പരിശോധന സ്കൂൾ തുറക്കുന്നതിനോട് അടുത്ത ദിവസങ്ങളിലേക്ക് മാറ്റിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിയുകയാണ്. പൊതുവിദ്യാലയങ്ങൾക്കാണ് ഏറെ പ്രശ്നം. ഒരുഭാഗത്ത് ഇവയെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴാണ് കാര്യങ്ങൾ ഏങ്ങുമെത്താതെ പോവുന്നത്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള തൃശൂര്‍ ജില്ലയിലെ 123 പൊതുവിദ്യാലയങ്ങള്‍ക്ക് നിലവില്‍ ഫിറ്റ്നസ് കിട്ടിയിട്ടില്ല. ജില്ലാ വിദ്യാഭ്യാസ അധികാരികളോട് സമയം നീട്ടിചോദിച്ചിരിക്കുകയാണ് ഭൂരിഭാഗം സ്കൂൾ അധികൃതരും. ജൂൺ ഒന്നിന് മുമ്പേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിന് അനുമതി ജില്ലാ അധികാരികൾ നൽകിയിട്ടുണ്ട്. 58 ഹൈസ്കൂളുകളിലും 51 ഹയർസക്കൻഡറി സ്കൂളുകളിലും 14 വി.എച്ച്.എസ്.ഇയിലുമായി അറ്റകുറ്റപ്പണി ഇഴയുകയാണ്. ഇവയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന് 9.08 കോടിയുടെ ഫണ്ടാണ് ഈ അധ്യയന വർഷം നൽകുന്നത്. 123 സ്കൂളുകൾക്ക് അറ്റകുറ്റപണിക്കായി ഏഴുലക്ഷം രൂപ വീതമാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്.
ആർ.എം.എസ്.എ ഫണ്ടും ലഭിച്ചില്ല
സ്കൂൾ നവീകരണത്തിനായി രാഷ്ട്രീയ മധ്യമിക് ശിക്ഷ അഭയാൻ (ആർ.എം.എസ്.എ) നൽകിയ ഫണ്ട് ജില്ലാ പഞ്ചായത്തിന് നൽകിയതും സ്കൂളുകൾക്ക് തിരിച്ചടിയായി. നേരത്തെ സ്കൂളുകൾക്ക് നേരിട്ടാണ് ആർ.എം.എസ്.എ ഫണ്ട് നൽകിയിരുന്നത്. പി.ടി.എ പ്രസിഡന്‍റ് ചെയർമാനും , പ്രധാന അധ്യാപന്‍ കൺവീനറുമായ സമിതയാണ് ഇത് ചെലവിട്ടിരുന്നത്. കൃത്യമായ റിപ്പോർട്ട് ഇവരാണ് സമര്‍പ്പിക്കേണ്ടതും. പുതിയ രീതി അനുസരിച്ച് ജില്ലാ പഞ്ചായത്തിനാണ് പണം കൈമാറിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന് ഫണ്ട് കൈമാറുമ്പോൾ പദ്ധതികളുടെ ഭരണാനുമതിക്ക് പുറമെ സാങ്കേതിക അനുമതിയും ലഭിക്കേണ്ടതുണ്ട്. തുടർന്ന് കാരാറും വേണം. അറ്റകുറ്റപണികളുടെ കാര്യത്തിൽ തന്നെ ജില്ലാപഞ്ചായത്തിന്‍റെ അലംഭാവം തുടരുകയാണ്. അതിന് പുറമെ ആർ.എം.എസ്.എ ഫണ്ട് കൂടി ജില്ലാ പഞ്ചായത്തിന് നൽകിയതോടെ അറ്റകുറ്റപണിക്കായി നൽകിയ ഫണ്ടിന്‍റെ ഗതികേടുതന്നെയാണ് ഇതിനും ഉണ്ടാവുക. ഇതോടെ രണ്ട് ഫണ്ടും ലഭിക്കാതെ വന്നതോടെ പൊതുവിദ്യാലയങ്ങളുടെ പണസ്രോതസുകൾ അടഞ്ഞിരിക്കുകയാണ്.
36 സ്കൂളുകളിൽ ശുചിമുറികൾ ഒരുക്കുന്നതിന് ഒരോ ലക്ഷം വീതം ആർ.എം.എസ്.എ നൽകും. 22 സ്കൂളുകളിൽ കുടിവെള്ളം ഒരുക്കുന്നതിന് അരലക്ഷം വീതം വേറെയും. കൂടാതെ നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിച്ച് ഒമ്പത് സ്കൂളുകൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇത്രയധികം ഫണ്ട് ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പമാണ് 123 സ്കൂളുകൾക്ക് അറ്റകുറ്റപണിക്കായി ഏഴുലക്ഷം ലഭിക്കാത്ത സാഹചര്യവുമുള്ളത്.
പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകുന്നത് കോടികൾ
ജില്ലയിലെ പൊതുവിദ്യാലയങ്ങളിലേക്ക് കോടികളാണ് ഒഴുകുന്നത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള 132 വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ ആക്കുന്നതിന് 9.97 കോടി രൂപയുടെ ഫണ്ടാണ് ഈ അധ്യയന വർഷം നൽകുന്നത്. ലഭിക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കാനാവാതെ സ്കൂൾ അധികൃതർ വലയുകയാണ്. താങ്ങും തണലുമായി ജനപ്രതിനിധികൾ കൂടെയുണ്ടെങ്കിൽ അവ കൃത്യമായി വിനിയോഗിക്കാനാവും. എന്നാൽ ഉദ്യോഗസ്ഥരെ പഴിചാരി കാര്യങ്ങളിൽ നിന്നും ഓടിയൊളിക്കുന്ന സ്ഥിരം ഏർപ്പാടാണ് ഇക്കാര്യത്തിലും ജില്ലാപഞ്ചായത്ത് സ്വീകരിക്കുന്നത്.
132 സ്കൂളുകൾക്ക് അറ്റകുറ്റപണിക്കായി ഏഴുലക്ഷം രൂപ വീതമാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്. ഇത് ആർ.എം.എസ്.എ വക വേറെയുമുണ്ട് ഫണ്ട്. 36 സ്കൂളുകളിൽ ശുചിമുറികൾ ഒരുക്കുന്നതിന് ഒരോ ലക്ഷം വീതം ആർ.എം.എസ്.എ നൽകും. 22 സ്കൂളുകളിൽ കുടിവെള്ളം ഒരുക്കുന്നതിന് അരലക്ഷം വീതവും നൽകും. ഇത് കൂടാതെ നേരത്തെ നൽകിയ അപേക്ഷകൾ പരിഗണിച്ച് ഒമ്പത് സ്കൂളുകൾക്കായി 26 ലക്ഷവും അനുവദിച്ചിട്ടുണ്ട്. ഇത്രയധികം ഫണ്ട് ലഭിച്ചിട്ടും ഫലപ്രദമായി വിനിയോഗിക്കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മാർച്ച് 24 നാണ് അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട കരാർ നടപടികൾ സ്വീകരിച്ചത്.
അതിനിടെ ഏഴ് സ്കൂളുകളുടെ അറ്റകുറ്റപണി ഏറ്റെടുക്കാൻ കരാറുകാർ വന്നില്ല. ഇതിനുള്ള റീടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. കരാർ നടപടികളായ സ്കൂളുകളിൽ കഴിഞ്ഞ സാമ്പത്തിക വർഷം കഴിയുന്ന മാർച്ച് 31 ന് പണികൾ തുടങ്ങിയെന്നാണ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. എന്നാൽ മുഴുവൻ സ്കൂളുകളിലും പണികൾ ഇഴയുകയാണ്. പലയിടത്തും പ്രാഥമിക പ്രവർത്തനങ്ങളാണ് നടക്കുന്നത്. സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കവേ അറ്റകുറ്റപണി പോലും കൃത്യമായി മുഴുവൻ സ്കൂളുകളിലും നടക്കാനിടയില്ല.
ജൂൺ 10 നകം സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ഈ അധ്യയന വർഷം ക്ലാസുകൾ നടത്താനാവൂ. ഇതിനുള്ള നെട്ടോട്ടത്തിലാണ് സ്കൂൾ അധികൃതർ. തദ്ദേശസ്ഥാപനങ്ങളിൽ മുട്ടാത്ത വാതിലുകളില്ല. എന്നാൽ സമയബന്ധിതമായി പ്രവർത്തനങ്ങൾ മുന്നോട്ടുപേകുന്നിതിന് അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടികൾ ഉണ്ടാവുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ വിചാരിച്ചാൽ കാര്യങ്ങൾ കൃത്യമായി നടക്കും. അവരാണെങ്കിൽ എൻജിനീയറിങ് വിഭാഗത്തിനെതിരായ സ്ഥിരം പരാതി പല്ലവിയുമായി നടക്കുകയാണ്. എൻജിനീയർമാരെ നിലക്കുനിർത്താൻ ജനപ്രതിനിധികൾക്ക് എന്തുകൊണ്ടാവുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവർ കാര്യങ്ങൾ ഇങ്ങനെ അലംഭാവത്തോടെ കാണുമ്പോൾ തടിച്ചുവീർക്കുന്നത് എയ്ഡഡ്-സ്വകാര്യ സ്കൂളുകളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam