സനല്‍ കുമാര്‍ വധം; ബിനുവും രമേശും കീഴടങ്ങി

By Web TeamFirst Published Nov 13, 2018, 7:15 PM IST
Highlights

സനല്‍ കുമാര്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി കീഴടങ്ങി. ഡിവൈഎസ്പി ബി.ഹരികുമാറിന്‍റെ ഡ്രൈവര്‍ രമേശും സുഹൃത്ത് ബിനുവുമാണ് കീഴടങ്ങിയത്.

തിരുവനന്തപുരം: സനല്‍ കുമാര്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി കീഴടങ്ങി. ഡിവൈഎസ്പി ബി.ഹരികുമാറിന്‍റെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശുമാണ് കീഴടങ്ങിയത്. സനല്‍ കുമാര്‍ മരിച്ചെന്നറിഞ്ഞ ഉടനെ സുഹൃത്ത് ബിനുവുമായി രക്ഷപ്പെട്ട ഡിവൈഎസ്പി ഹരികുമാര്‍ തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണെത്തിയത്.

തുടര്‍ന്ന് ടൂറിസ്റ്റ് ഹോം മാനേജര്‍ സതീശിന്‍റെ ഡ്രൈവര്‍ രമേശുമൊത്താണ് ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും രക്ഷപ്പെട്ടത്. ഡിവൈഎസ്പി ബി.ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെയാണ് ബിനുവും രമേശും കീഴടങ്ങിയത്. 

പ്രതിയായ ഡിവൈഎസ്പിയെ രക്ഷപെടാന്‍ സഹായിച്ചതിന് അനൂപ് കൃഷ്ണ എന്നയാളും തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയും പൊലീസ് നേരത്തേ പിടികൂടിയിരുന്നു. നവംബര്‍ ആറ് നെയ്യാറ്റിൻകര കൊടങ്ങാവിളയിലെ ബിനുവിന്‍റെ വീട്ടില്‍ നിന്നും ഇറങ്ങവേ കാര്‍ പാര്‍ക്ക് ചെയ്തത് സംമ്പന്ധിച്ച തര്‍ക്കമാണ് സനല്‍ കുമാറിന്‍റെ കൊലപാതകത്തില്‍ കലാശിച്ചത്. 

തർക്കത്തിനിടെ സനലിനെ മര്‍ദ്ദിച്ച ഹരികുമാര്‍ റോഡില്‍ കൂടി കാര്‍ വരുന്നത് കണ്ടിട്ടും സനലിനെ കാറിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ ഹരികുമാറിനെ ഏഴ് ദിവസങ്ങള്‍ക്ക് ശേഷം കല്ലമ്പലത്തെ സ്വന്തം വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

click me!