പി എസ് ശ്രീധരൻപിള്ളക്കും കൊല്ലം തുളസിക്കും തന്ത്രിക്കുമെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി

By Web TeamFirst Published Oct 24, 2018, 9:15 PM IST
Highlights

ശബരിമല സ്ത്രീ പ്രവേശന കേസിലെ വിധിയുടെ പേരിൽ സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത അഭിഭാഷകരായ ഡോ. ഗീനകുമാരി, വര്‍ഷ എന്നിവര്‍ കോടതിയലക്ഷ്യ ഹര്‍ജി നൽകുന്നത്

ദില്ലി:  ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളക്കും നടൻ കൊല്ലം തുളസിക്കും ശബരിമല ക്ഷേത്രം തന്ത്രിക്കുമെതിരെ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹര്‍ജി. രണ്ട് വനിതാ അഭിഭാഷകരാണ് ഹര്‍ജി നൽകുന്നത്. അതേസമയം ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം തേടി നാല് വനിതകൾ കേരള ഹൈക്കോടതിയെ സമീപിച്ചു.

ശബരിമല സ്ത്രീ പ്രവേശന കേസിലെ വിധിയുടെ പേരിൽ സുപ്രീംകോടതിക്കെതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് വനിത അഭിഭാഷകരായ ഡോ. ഗീനകുമാരി, വര്‍ഷ എന്നിവര്‍ കോടതി അലക്ഷ്യ ഹര്‍ജി നൽകുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരൻപിള്ള, നടൻ കൊല്ലം തുളസി, പ്രാദേശിക ബി.ജെ.പി നേതാവ് മുരളീധരൻ ഉണ്ണിത്താൻ എന്നിവര്‍ക്കെതിരെയാണ് ഗീനാകുമാരിയുടെ കോടതി അലക്ഷ്യ ഹര്‍ജി. 

അഭിഭാഷകയായ വര്‍ഷയാണ് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം രാമവര്‍മ്മ എന്നിവര്‍ക്കെതിരെ ഹര്‍ജി നൽകുന്നത്. സുപ്രീംകോടതി വിധി പ്രകാരം എത്തിയ സ്ത്രീകളെ തടഞ്ഞു. ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ വിശ്വാസികളായ സ്ത്രീകളെ മര്‍ദ്ദിച്ചു. സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധന, സുപ്രീംകോടതി വിധിക്കെതിരെ തിരുവനന്തപുരത്തേക്ക് നടത്തിയ റാലി, ഇന്ത്യൻ ഭരണഘടന വിദേശികൾ എഴുതിയതാണെന്ന പ്രസ്താവന, കൊല്ലം തുളസിയുടെ പ്രസംഗം, സ്ത്രീകൾ പ്രവേശിച്ചാൽ ക്ഷേത്രം അടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം ഇതൊക്കെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ട കുറ്റമാണെന്ന് ഹര്‍ജികളിൽ പറയുന്നു.

ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് വനിതകൾ കേരള ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. ഇതുകൂടാതെ ശബരിമലയിൽ നടന്ന അക്രമങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയും കേരള ഹൈക്കോടതിയിലെത്തി. രണ്ട് ഹര്‍ജികളിലും കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. 

click me!