
പമ്പ: ഒമ്പതേമുക്കാലോടെയാണ് തെലങ്കാനയിൽ നിന്നുള്ള രണ്ട് സ്ത്രീകൾ പമ്പയിലെത്തിയത്. ഗുഡൂർ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദർശനം നടത്താനെത്തിയത്. നാൽപ്പത്തിയഞ്ചും നാൽപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവർ. ഇവർ പമ്പയിൽ നിന്ന് അമ്പത് മീറ്റർ മുന്നോട്ടു പോയപ്പോൾത്തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. ശരണംവിളികളുമായി ഒരു വലിയ സംഘം ഇവരെ തടഞ്ഞു.
തുടർന്ന് പൊലീസെത്തി ഇവരെ ഗാർഡ് റൂമിലേയ്ക്ക് മാറ്റി. തെലുങ്ക് മാത്രമേ ഇവർക്ക് സംസാരിയ്ക്കാനാകുന്നുള്ളൂ. തുടർന്ന് തെലുങ്കറിയാവുന്ന പൊലീസുദ്യോഗസ്ഥരെത്തിയാണ് ഇവരുടെ പ്രായമുൾപ്പടെ ചോദിച്ചറിഞ്ഞത്. ഇവർ കുടുംബാംഗങ്ങൾക്കൊപ്പമാണ് ശബരിമലയിലെത്തിയത്. എല്ലാ വർഷവും കുടുംബാംഗങ്ങൾക്കൊപ്പം പമ്പ വരെ എത്താറുണ്ട്. പുരുഷൻമാർ മല കയറും. ഇവർ താഴെ കാത്തിരിയ്ക്കും. എന്നാൽ ഇത്തവണ പമ്പയിലെത്തിയപ്പോൾ ആരും ഇവരെ തടഞ്ഞില്ല. തുടർന്ന്, മല കയറാൻ തീരുമാനിയ്ക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയിലെ കീഴ്‍വഴക്കങ്ങളെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നെന്നും ഇവർ പൊലീസിനോട് പറഞ്ഞു. അരുണാചലം ഉൾപ്പടെയുള്ള പല ക്ഷേത്രങ്ങളിലും കേരളത്തിലെ മറ്റ് തീർഥാടനകേന്ദ്രങ്ങളിലേക്കും ഇവർ പോയിരുന്നു. അതിന് ശേഷമാണ് ശബരിമലയിലെത്തിയത്. ശബരിമലയിൽ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ഇവർക്ക് അറിവുണ്ടായിരുന്നില്ല.
ശബരിമലയിലേയ്ക്ക് ദർശനത്തിന് പോകണോ എന്ന് പൊലീസ് ഇവരോട് ആരാഞ്ഞു. ആവശ്യമെങ്കിൽ സുരക്ഷയോടെ മല കയറ്റാമെന്നും എന്നാൽ എതിർപ്പുണ്ടാകുമെന്നും പൊലീസ് ഇവരെ അറിയിച്ചു. എന്നാൽ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ മല കയറണമെന്നില്ല എന്ന് ഇവർ പൊലീസിനോട് പറഞ്ഞു. തുടർന്ന് കർശന സുരക്ഷയോടെ ഇവരെ തിരികെ കൊണ്ടുപോയി. പ്രത്യേക ജീപ്പിൽ പമ്പ പൊലീസ് സ്റ്റേഷനിലേയ്ക്ക് ഇവരെ എത്തിച്ച്, കെഎസ്‍ആർടിസി സ്റ്റാൻഡിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് തിരികെ പോകാനുള്ള യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam