എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ, സമ്മർദ തന്ത്രങ്ങൾ ഫലിക്കാതെ കണ്ണൂരിലെ കടുപ്പക്കാരാനായ നേതാവ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയിരിക്കുകയാണ്. കണ്ണൂർ രാഷ്ട്രീയത്തിൽ ആരാണ് കെ സുധാകരനെന്ന് നോക്കാം.
സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ കഴിയാതെ കോണ്‍ഗ്രസ് നേതൃത്വത്തെ ദിവസങ്ങൾ മുൾമുനയിൽ നിർത്തിയ കെ സുധാകരൻ ഒടുവിൽ അനുനയത്തിന് വഴങ്ങിയിരിക്കുകയാണ്. സ്വതന്ത്രനായി മത്സരിക്കില്ലെന്നാണ് കെ സുധാകരൻ ഇന്ന് ദില്ലിയിൽ നിന്ന് മടങ്ങിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രമെ മത്സരിക്കൂ എന്നും സുധാകരന്‍ പറഞ്ഞു. തന്നെ പിന്തുണയ്ക്കുന്നവർ എല്ലായിടത്തുമുണ്ടെന്നും അത് പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും വെല്ലുവിളിക്കാൻ അല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതോടെ കെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ, സമ്മർദ തന്ത്രങ്ങൾ ഫലിക്കാതെ കണ്ണൂരിലെ കടുപ്പക്കാരനായ നേതാവ് ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയിരിക്കുകയാണ്.
കോൺഗ്രസ്സിന്‍റെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത മുഖമാണ് കെ സുധാകരൻ. 1948 ജൂൺ ഏഴിന് കണ്ണൂരിലെ എടക്കാട് നടാൽ എന്ന ഗ്രാമത്തിൽ ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ ബിരുദവും എൽ.എൽ.ബിയും എടുത്തു കുമ്പക്കുടി സുധാകരൻ എന്ന കെ സുധാകരൻ. കെഎസ്‍യുവിലൂടെയും യൂത്ത് കോൺഗ്രസ് പിന്നീട് ഡിസിസിയിലൂടെയും നേതൃനിരയിൽ എത്തി. കോൺഗ്രസ് (ഒ) വിഭാഗം പ്രവർത്തന മേഖലയാക്കി സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ തലങ്ങളിൽ പരിചിതമായിരുന്നു കെ സുധാകരൻ. അഖിലേന്ത്യാ കോൺഗ്രസ്സിന്‍റെ പിളർപ്പിൽ സംഘടനാ കോൺഗ്രസ്സിന്റെ കൂടെ നിന്നു കെ സുധാകരൻ. പിന്നീട് ഇന്ദിര ഭരണത്തിനെതിരെ രൂപപ്പെട്ട ജനതാ പാർട്ടിയിൽ ചേർന്ന് യുവ പോരാളിയായി മാറി. അക്കാലത്ത് തന്നെ ഇന്ദിരാ ഗാന്ധിയെ 'ഭാരതയക്ഷി' എന്നു വിളിച്ചാക്ഷേപിച്ചതായി ആരോപണം നിലനിന്നിരുന്നു. തുടർന്ന് 1984ൽ കോൺഗ്രസിൽ തിരിച്ചെത്തിയ സുധാകരൻ തന്റെ രാഷ്ട്രീയ തേരോട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു.
കണ്ണൂരിലെ കോണ്‍ഗ്രസ്സിന്‍റെ മുഖം
സുധാകരൻ തന്റെ രാഷ്ട്രീയ നിലപാടുകളിലും പ്രവർത്തനങ്ങളിലും എല്ലാം വ്യത്യസ്‍തനായിരുന്നു. കോണ്‍ഗ്രസ് പാർട്ടിയിൽ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ കേഡർ സ്വഭാവം സാധ്യമാക്കിയ നേതാവ്. കടുപ്പമേറിയ നിലപാട് കൊണ്ട് ശ്രദ്ധേയനായിരുന്നു കെ എസ്. കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങളിൽ സുധാകരന്റെ പങ്ക് പല സമയങ്ങളിലും ആരോപണങ്ങളായും മറ്റും പുറത്തുവന്നിട്ടുണ്ട്. 1980-ൽ ആണ് പാർലമെന്ററി രംഗത്തേക്കുള്ള കാൽവയ്പ്പ്. തുടർന്നുള്ള മത്സരങ്ങളിൽ കോണ്‍ഗ്രസ് പാർട്ടിയെ ഇടത് കോട്ടയിൽ വളർത്തുന്നതിൽ പ്രധാനിയായി മാറി. സിപിഎം ഭൂരിപക്ഷ മേഖലയെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സുധാകരൻ തുനിഞ്ഞ് ഇറങ്ങിയതോടെ കണ്ണൂരിലെ കോൺഗ്രസിന്റെ മുഖമായി മാറി.
എ കെ ആന്റണി മന്ത്രിസഭയിൽ വനം കായിക വകുപ്പിൽ ആദ്യമായി കാബിനെറ്റ് മന്ത്രിസ്ഥാനം ലഭിച്ചു. 2009-ൽ കണ്ണൂരിൽ നിന്നും ലോക് സഭയിലേക്ക്. 2019 സിപിഎമ്മിന്‍റെ പി കെ ശ്രീമതിയെ തോൽപ്പിച്ച് വീണ്ടും പാർലമെന്റിൽ എത്തി. കടുത്ത നിലപാടുകളിലൂന്നിയ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം കൊണ്ട് തന്നെ ഇക്കാലയളവിൽ ഒരു വലിയ അനുയായിവൃന്ദം ഉണ്ടാക്കാൻ സുധാകരന് സാധിച്ചിട്ടുണ്ട്. അതിനുദാഹരണം തന്നെയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ മണ്ഡലത്തിൽ സുധാകരൻ അനുകൂലികൾ ഫ്ലക്സുകളും പോസ്റ്ററുകളും ഉയർത്തിയത്. എന്നാൽ പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിന് ഇറങ്ങാൻ അനുയായികളോട് ആഹ്വാനം ചെയ്തതിലൂടെ കോണ്‍ഗ്രസിനെ കൈ വിടില്ല സുധാകരൻ എന്നാണ് വ്യക്തമാകുന്നത്.


