യുഎഇയില്‍ വിസാ നിയമത്തില്‍ സമഗ്രമാറ്റം

By Web DeskFirst Published Jun 15, 2018, 12:45 AM IST
Highlights
  • ആറുമാസത്തെ താല്‍ക്കാലിക വിസ
  • രാജ്യം വിടാതെ തന്നെ വിസ മാറാം

ദുബായ്: യുഎഇ വിസാ നിയമത്തില്‍ സമഗ്രമാറ്റങ്ങള്‍ പ്രഖ്യാപിച്ചു. തൊഴില്‍ അന്വേഷകര്‍ക്ക് ആറുമാസത്തെ താല്‍ക്കാലിക വിസ നല്‍കും. രാജ്യം വിടാതെ തന്നെ വിസ മാറാനുള്ള സൗകര്യമൊരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് യുഎഇയിലേക്ക് വരാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇനി ഇതുണ്ടാകില്ല. പകരം പിഴയടച്ച് പുതിയ വീസയില്‍ രാജ്യത്ത് തിരിച്ചെത്താം. നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ നിലവിൽ രാജ്യം വിട്ട് മടങ്ങി വരണമായിരുന്നു. ഇത് മാറ്റി രാജ്യത്ത് തന്നെ വിസ മാറ്റത്തിന് സൗകര്യമൊരുക്കും. 

തൊഴില്‍ വീസ കാലാവധി കഴിഞ്ഞും, ജോലിയില്‍ തുടരാന്‍ താല്‍പര്യമുള്ളവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസ അനുവദിക്കും. തൊഴിൽ വിസയ്ക്കായി 3000 ദിർഹം കെട്ടിവയ്ക്കുന്നതും ഒഴിവാക്കി. യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് 48 മണിക്കൂര്‍ നേരത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കും. 96 മണിക്കൂര്‍ നേരത്തേക്കാണെങ്കില്‍ 50 ദിര്‍ഹം ഈടാക്കും. 

നിലവിൽ മുന്നൂറ് ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ സ്റ്റുഡന്റ് വിസ നല്‍കാനും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 

click me!