പിന്തുണയുമായി യു.ഡി.എഫ് സംഘം കിഴാറ്റൂരിൽ; വയൽക്കിളികൾ ഇന്ന് സമരപന്തല്‍ വീണ്ടും ഉയർത്തും

By Web DeskFirst Published Mar 25, 2018, 12:37 PM IST
Highlights
  • സിപിഎം തീയിട്ട് നശിപ്പിച്ച സമരപന്തൽ കീഴാറ്റൂർ പാടത്ത് വയൽക്കിളികൾ ഇന്ന് വീണ്ടും ഉയർത്തും
  • വയൽക്കിളികളുടെ സമരത്തിന് ബദലായി സിപിഎമ്മിന്‍റെ നാടുകാവൽ സമരവും തുടരുന്നു. 

കീഴാറ്റൂര്‍: സമരത്തിന് പിന്തുണയുമായി യു.ഡി.എഫ് സംഘം കിഴാറ്റൂരിൽ എത്തി. കെ സുധാകരൻ, ബെന്നി ബഹനാൻ, ഷിബു ബേബി ജോണ്, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് കീഴാറ്റൂരില്‍ എത്തിയത്. 

അതേസമയം സിപിഎം തീയിട്ട് നശിപ്പിച്ച സമരപന്തൽ കീഴാറ്റൂർ പാടത്ത് വയൽക്കിളികൾ ഇന്ന് വീണ്ടും ഉയർത്തും . വയൽക്കിളികൾക്ക് പിന്തുണയുമായി സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകർ കീഴാറ്റൂരിലെത്തും. വയൽക്കിളികളുടെ സമരത്തിന് ബദലായി സിപിഎമ്മിന്‍റെ നാടുകാവൽ സമരവും തുടരുന്നു. 

കേരളം കീഴാറ്റുരിലേക്കെന്ന പേരിൽ പരിസ്ഥിത പ്രവർത്തകരും സമരത്തോട് അനുഭാവമുള്ളവരും ചേർന്ന് വലിയ ബഹുജന കൂട്ടായ്മ കീഴാറ്റൂരിൽ എത്തുമെന്നാണ് വയൽക്കിളികൾ പ്രതീക്ഷിക്കുന്നത്.  ഇവരുടെ സാന്നിധ്യത്തിലാകും പുതിയ സമരപ്പന്തലിൽ സമരം തുടങ്ങുക. എലിവേറ്റഡ് ഹൈവേയുടെ കാര്യത്തിൽ സർക്കാർ കത്തയച്ച സാഹചര്യത്തിൽ വിഷയത്തിലെ നിലപാട് പ്രഖ്യാപനവും ഇന്നുണ്ടായേക്കും.

സിപിഎം കുത്തിയതിന് പകരം, ഭൂമി ഏറ്റെടുക്കലിനെ എതിർക്കുന്ന ഭൂവുടമകളുടെ പ്ലക്കാ‍‍ർഡുകൾ വയലിൽ നാട്ടും.  ഇതോടെ സിപിഎം-വയൽക്കിളി പോര് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്.  മുൻപ് സമരപ്പന്തൽ കത്തിച്ചതിന് സമാനമായ പ്രകോപനങ്ങൾ ഇനി ഉണ്ടാകരുതെന്ന് പ്രവർത്തകർക്ക് സിപിഎം നിർദേശം നൽകിയിട്ടുണ്ട്.

സിപിഎം സ്ഥാപിച്ച സമരപ്പന്തലിൽ നാടുകാക്കൽ സമരവും ഇന്ന് ശക്തമാക്കും.  വയൽക്കിളികളുയർത്തുന്ന ആരോപണങ്ങളെ അതേരീതിയിൽത്തന്നെ നേരിടാൻ ഒരുങ്ങിയാണ് സിപിഎം. ഇതിനാലാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്‍റെ കൂടി പശ്ചാത്തലത്തിൽ പ്രകോപനങ്ങൾക്ക് ഇട നൽകരുതെന്ന സിപിഎം നിർദേശം.  പൊലീസും കനത്ത ജാഗ്രതയിലാണ്.


 

click me!