സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കോൺഗ്രസ് ഉഭയ കക്ഷി ചര്‍ച്ച ഇന്ന്

By Web TeamFirst Published Feb 26, 2019, 8:09 AM IST
Highlights

മൂന്ന് സീറ്റ് വേണമെന്ന ലീഗിന്‍റെയും, രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്‍റേയും ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേരള കോണ്‍ഗ്രസ് നിലപാട് ചര്‍ച്ചയില്‍ നിര്‍ണ്ണായമാണ്

കൊച്ചി: മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസുമായും ഇന്ന് കോണ്‍ഗ്രസിന്‍റെ ഉഭയ കക്ഷി ചര്‍ച്ച. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്‍റെയും, രണ്ട് സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്‍റേയും ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ഭിന്നത രൂക്ഷമായിരിക്കെ കേരള കോണ്‍ഗ്രസ് നിലപാട് ചര്‍ച്ചയില്‍ നിര്‍ണ്ണായമാണ്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റിവച്ച ഉഭയ കക്ഷി ചര്‍ച്ചയാണ് ഇന്ന് ആരംഭിക്കുന്നത്. മൂന്ന് സീറ്റു വേണമെന്നാവശ്യപ്പെടുന്ന മുസ്ലീം ലീഗുമായാണ് ആദ്യ ചര്‍ച്ച. മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്കു പുറമെ ഒരു സീറ്റ് കൂടിയാണ് നേരത്തെ യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗ് ആവശ്യപ്പെട്ടത്. വടകരയോ വയനാടോ ആണ് ലീഗ് ആഗ്രഹിക്കുന്നത്. 

എന്നാല്‍, മൂന്നാം സീറ്റിന്‍റെ കാര്യത്തില്‍ പിടിവാശി വേണ്ടെന്ന് ലീഗില്‍ നേരത്തെ തന്നെ ധാരണായായി. കോട്ടയം സീറ്റില്‍ മാത്രം മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് ഒരു സീറ്റാണ് അധികം ചോദിക്കുന്നത്. ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ജോസഫ് വിഭാഗത്തിന്‍റെ ആവശ്യത്തെ പിന്നീട് കെഎം മാണി പിന്തുണക്കുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. 

ജോസഫ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്ന കേരള കോൺഗ്രസില്‍ ഇന്നത്തെ ചര്‍ച്ച നിര്‍ണ്ണായകമാണ്. ഉച്ചക്ക് 12 മണിക്കാണ് കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ച. അതിനു മുമ്പ് കേരള കോണ്‍ഗ്രസ് നേതൃയോഗവും കൊച്ചിയില്‍ നടന്നേക്കും. രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ് വ്യക്തമാക്കിക്കഴി‌ഞ്ഞു. 

കോട്ടയത്ത് ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം കെഎം മാണി അംഗീകരിച്ചില്ലെങ്കില്‍ പിളര്‍പ്പ് അനിവാര്യമാകും. കേരള കോണ്‍ഗ്രസിലെ സംഭവ വികാസങ്ങള്‍ കോൺഗ്രസും നിരീക്ഷിക്കുന്നുണ്ട്. പ്രശ്ന പരിഹാരത്തിനുള്ള കോണ്‍ഗ്രസ് ഇടപെടലിലാണ് കേരള കോൺഗ്രസിലെ ഇരു വിഭാഗത്തിന്‍റെയും പ്രതീക്ഷ.

click me!