ഭാരത് ബന്ദ് കേരളത്തില്‍ യുഡിഎഫിന്‍റെ ഹര്‍ത്താലിയിരിക്കും: എം.എം ഹസ്സന്‍

By Web TeamFirst Published Sep 7, 2018, 5:42 PM IST
Highlights

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കും  ഹര്‍ത്താല്‍.  പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാകരുത്. 

തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിനെതിരെ സെപ്തംബര്‍ പത്ത് തിങ്കളാഴ്ച ഐ.ഐ.സി.സി ആഹ്വാനം  ചെയ്ത ബന്ദ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കുമെന്ന്.  കെ.പി.സി.സി പ്രസിഡന്റ് എം എം ഹസന്‍ അറിയിച്ചു.  ഭാരത് ബന്ദ് കേരളത്തില്‍ യു.ഡി.എഫിന്റെ ഹര്‍ത്താലിയിരിക്കും. ഇന്ധനവില വര്‍ധനവിനെതിരേയും പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുമാണ് ഭാരത് ബന്ദ്.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെ ആയിരിക്കും  ഹര്‍ത്താല്‍.  പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാകരുത്. ദുരിതാശ്വാസ  പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന  വാഹനങ്ങളേയും,  വിവാഹം, ആശുപത്രി,  എയര്‍ പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്‍, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് ഹസ്സന്‍ അറിയിച്ചു. 

തികച്ചും സമാധാനപരമായിട്ടായിരിക്കും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുക.  പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവരെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടാണ് പെട്രാളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂടുന്നത്. പ്രെട്രോളിന് തിരുവനന്തപുരത്തെ ഇന്നത്തെ (വെള്ളിയാഴ്ച)  വില 83.30രൂപയും ഡീസലിന് 77.18 രൂപയുമാണ്. മുംബൈയിലെ ഡീസല്‍ വിലയെക്കാള്‍ കൂടുതലാണ് തിരുവനന്തപുരത്തേത്. 

പെട്രോളിനും, ഡീസലിനും വിലയില്‍ സര്‍വ്വകാല റിക്കാര്‍ഡിട്ട സാഹചര്യത്തില്‍  എ.ഐ.സി.സി പ്രഖ്യാപിച്ച ദേശീയ ബന്ദില്‍ നിന്നും കേരളത്തിന് ഒഴിഞ്ഞ് മാറിനില്‍ക്കാനാവാത്തതിനാലാണ് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.  എല്ലാ  ജനാധിപത്യ വിശ്വാസികളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് കെ. പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍  അഭ്യര്‍ത്ഥിച്ചു.

click me!