
കൊച്ചി: വനിതാ മതിലിൽ പങ്കെടുക്കാൻ പോകുന്ന ആശാ വർക്കർമാരുടെയും തൊഴിലുറപ്പ് ജീവനക്കാരുടെയും അന്നേ ദിവസത്തെ വേതനം പിടിക്കണമെന്ന് യുഡിഎഫ്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, കൊച്ചി മേയർ എന്നിവരോടാണ് യുഡിഎഫ് കൺവീനർ ഇക്കാര്യം ആവശ്യപ്പെട്ടത്.
നേരത്തെ വനിതാ മതിലിനായി സാങ്കേതിക സർവ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകൾ മാറ്റിയ നടപടി വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ജനുവരി ഒന്നിലെ പരീക്ഷകൾ 14ന് നടത്തുമെന്നാണ് സര്‍വ്വകലാശാല അറിയിച്ചത്. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം.
വനിതാമതിലിനായി ആംബുലൻസുകൾ നൽകണമെന്ന് കോഴിക്കോട് ജില്ല മെഡിക്കൽ ഓഫിസറുടെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ വനിതാമതിലിന് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കിയിരുന്നു. നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനമെന്നും കെജിഎംഒഎ വിശദമാക്കിയിരുന്നു.
അതിനിടെ വനിതാ മതിലിന്‍റെ പേരിൽ തൊഴിലുറപ്പ് തൊഴിലാളിൾക്ക് പണി നിഷേധിക്കുന്നതായി പരാതി ഉയര്‍ന്നു. ജോലിയും കൂലിയും ഇല്ലാതായതോടെ തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം. എന്നാൽ സാങ്കേതിക കാരണങ്ങളാലാണ് തൊഴിൽ നൽകുന്നതിന് കാലതാമസമെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam