അയോധ്യയില്‍ മുസ്‍ലിം പള്ളി പണിയുമെന്ന് പറയുന്നത് ഹിന്ദുക്കളെ അസഹിഷ്ണുതയുള്ളവരാക്കുമെന്ന് ഉമാഭാരതി

By Web TeamFirst Published Nov 4, 2018, 8:02 PM IST
Highlights

അയോധ്യയില്‍ തനിക്കൊപ്പം രാമക്ഷേത്രം നിര്‍മിക്കുന്നതിന്‍റെ തറക്കല്ല് ഇടുന്നതിന് രാഹുല്‍ ഗാന്ധിയെയും ക്ഷണിക്കുകയാണ്. ഇത്രയും നാള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക് അത് പരിഹാരമാകട്ടെയെന്നും കേന്ദ്ര മന്ത്രി

ദില്ലി: ലോകത്ത് ഏറ്റവും ക്ഷമയുള്ള ആളുകള്‍ ഹിന്ദുക്കളാണെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. എന്നാല്‍, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ മുസ്‍ലിം പള്ളി പണിയുമെന്ന് പറയുന്നത് ഹിന്ദുക്കളെ അസഹിഷ്ണുതയുള്ളവരാക്കുമെന്നും മന്ത്രി പറഞ്ഞു.

അയോധ്യയില്‍ തനിക്കൊപ്പം രാമക്ഷേത്രം നിര്‍മിക്കുന്നതിന്‍റെ തറക്കല്ല് ഇടുന്നതിന് രാഹുല്‍ ഗാന്ധിയെയും ക്ഷണിക്കുകയാണ്. ഇത്രയും നാള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടി ചെയ്ത് കൂട്ടിയ പാപങ്ങള്‍ക്ക് അത് പരിഹാരമാകട്ടെ. ഹിന്ദുക്കളാണ് ലോകത്തെ ഏറ്റവും ക്ഷമാശീലര്‍.

ശ്രീരാമന്‍റെ ജന്മദേശമായ അയോധ്യയില്‍ മുസ്‍ലിം പള്ളി പണിയുമെന്ന് പറഞ്ഞ് അവരെ അസഹിഷ്ണുതയുള്ളവരാക്കരുതെന്ന് എല്ലാ രാഷ്ട്രീയ നേതാക്കളോടും അഭ്യര്‍ഥിക്കുകയാണെന്നും പിടിഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. വത്തിക്കാന്‍ സിറ്റിയില്‍ മുസ്‍ലിം പള്ളിയും മദീനയില്‍ ക്ഷേത്രവുമില്ല.

അപ്പോള്‍ അയോധ്യയില്‍ മുസ്‍ലിം പള്ളിയെപ്പറ്റി സംസാരിക്കുന്നത് ശരിയായ കാര്യമല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ ഇക്കാര്യത്തില്‍ വേണം. മുലായം സിംഗും മായാവതിയും മറ്റ് ഇടത് പാര്‍ട്ടികളും രാമക്ഷേത്ര നിര്‍മാണ വിഷയത്തില്‍ ബിജെപിക്ക് ഒപ്പം നില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നേരത്തെ, രാമക്ഷേത്രം നിര്‍മിക്കാന്‍ ആവശ്യമായ സഹായം ഒരുക്കാന്‍ തയ്യാറാണെന്ന് ഉമാഭാരതി വ്യക്തമാക്കിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം തന്റെ സ്വപ്നമാണ്. രാമ ജന്മഭൂമി ആന്തോളനില്‍ സജീവമായി പങ്കെടുത്ത വ്യക്തിയാണ് താനെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രം നിര്‍ബന്ധമായും നിര്‍മ്മിക്കണമെന്നും സുപ്രീം കോടതി ഈ വിഷയത്തില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. തന്‍റെ അഭിപ്രായത്തില്‍ കോടതി തീരുമാനം വൈകിയാല്‍ നിയമനിര്‍മാണത്തിലൂടെ ക്ഷേത്രം നിര്‍മിക്കണം. ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായത്തെക്കുറിച്ച് പറയാനില്ലെന്നും അവര്‍ വിശദമാക്കി. രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമാഭാരതിയുടെ ഈ പ്രസ്താവനകള്‍. 

click me!