
കോഴിക്കോട്: കര്‍മ്മ സമിതി ഹര്‍ത്താലിനിടെ കോഴിക്കോട് മിഠായിത്തെരുവില്‍ ഹര്‍ത്താലനുകൂലികള്‍ നടത്തിയ അക്രമം തടയുന്നതില്‍ ജില്ലാ പൊലീസ് മേധാവി പരാജയപ്പെട്ടന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരന് കഴിഞ്ഞ ദിവസം സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. കോഴിക്കോട് സിറ്റി പൊലീസിലെ സിവില്‍ പൊലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‍പെന്‍ഡ് ചെയ്തത്.
എന്നാല്‍ തനിക്കെതിരായ നടപടി മനുഷ്യപക്ഷത്ത് നില്‍ക്കാനുള്ള ഊര്‍ജ്ജമാണെന്നാണ് ഉമേഷിന്‍റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് ഒപ്പം നിന്നവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ഉമേഷ് നിലപാട് വ്യക്തമാക്കിയത്.
മിഠായി തെരുവില്‍ ഹര്‍ത്താനലുകൂലികളെ നേരിടുന്നതില്‍ ജില്ലാപൊലീസ് മേധാവി പരാജയപ്പെട്ടെന്നായിരുന്നു ഉമേഷിന്‍റെ വിമര്‍ശനം. എണ്ണത്തിൽ വളരെ കുറഞ്ഞ ഒരു സംഘത്തിന് തോന്നുന്നിടത്തെലല്ലാം പ്രകടനം നടത്താനും അക്രമം കാണിക്കാനും സാധിക്കുന്ന വിധത്തിൽ അത്ര ദുർബലമായിരുന്നു കമ്മീഷ്ണര്‍ ഒരുക്കിയ ബന്തവസ്സെന്നാണ് ആരോപണം.
ഉമേഷ് വള്ളിക്കുന്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
ഒപ്പം നിന്ന പതിനായിരക്കണക്കിന് വലിയ മനസ്സുകള്‍ക്കും സോഷ്യല്‍/പ്രിന്റ്/ വിഷ്വല്‍ മാധ്യമങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങളും നന്ദിയും തീരാത്ത സ്‌നേഹവും.?
ജനതയെ ഒറ്റുന്നവനോടൊപ്പമല്ല,
മനുഷ്യപക്ഷത്ത് തന്നെയാണ്
അടിയുറച്ചു നില്‍ക്കേണ്ടതെന്ന് ആവര്‍ത്തിച്ചുറപ്പിക്കാനുള്ള
ഊര്‍ജ്ജമാണ് ഇന്നത്തെ പകല്‍
പകര്‍ന്നു കിട്ടിയത്.
നിയമവും നീതിയും നടപ്പാക്കാനുള്ള
ഏത് നടപടികളും അംഗീകരിച്ച് ഒപ്പം നില്‍ക്കും.
അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കില്‍
പൊരുതിയേ വീഴൂ.
‘സസ്‌പെന്‍ഷന്‍ കിട്ടി വീട്ടിലിരിക്കുമ്പോഴേ അതിന്റെ വിഷമം അറിയൂ’ എന്ന് അനുഭവമുള്ള കൂട്ടുകാരി സ്‌നേഹപൂര്‍വ്വം.?
വീട്ടിലിരിക്കുന്നതെന്തിനെന്ന് ഞാന്‍.
പുസ്തകങ്ങള്‍, സിനിമകള്‍, എത്ര ദൂരം പോയാലും തീരാത്ത റോഡുകള്‍, കണ്ടാല്‍ തീരാത്തത്ര ഭൂപ്രദേശങ്ങള്‍,
സ്‌നേഹം കൊളുത്തി വച്ച് കാത്തിരിക്കുന്ന നൂറുകണക്കിന് മനുഷ്യര്‍……
ഒരു സസ്‌പെന്‍ഷന്‍ കാലം കൊണ്ട് ഓടിയെത്താനാവുമോ ഇത്തിരിയിടത്തെങ്കിലും…..
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam