
കൊച്ചി: സംസ്ഥാനത്തെ പളളികളിലെ കപ്യാർമാർക്കും യൂണിയനായി. രാജ്യത്ത് ആദ്യമായാണ് ക്രൈസ്തവ ദേവലയങ്ങളിൽ ജോലി ചെയ്യുന്ന കപ്യാർമാർ സംഘടിക്കുന്നത്. ഓള്‍ കേരള ചര്‍ച്ച് സ്റ്റാഫ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നാണ് സംഘടനയുടെ പേര്. പളളികളിലെ ശുശ്രൂഷകളിൽ വൈദികരുടെ സഹായികളാണ് കപ്യാർമാർ. പതിറ്റാണ്ടുകളായി അസംഘടിതരായി നിന്നിരുന്ന ഈ വിഭാഗമാണ് ഇപ്പോൾ ഒന്നിക്കുന്നത്. മലയാറ്റൂർ പളളിയിലടക്കം അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടന രൂപീകരിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം കൊച്ചയിൽ ചേർന്ന യോഗമാണ് കപ്യാർമാർക്കായി യൂണിയൻ രൂപീകരിച്ചത്. എറണാകുളം ബോട്ട് ജെട്ടിയിലെ ഒരു ബോട്ടില്‍ വെച്ചായിരുന്നു ആദ്യ യോഗം. ഭാരവാഹികളെയും തെരഞ്ഞെടുത്തു. എറണാകുളത്തെ വിവിധ ദേവാലയങ്ങളിലുള്ള അന്പതിലധികം കപ്യാർമാർ യോഗത്തില്‍ പങ്കെടുത്തു. സഭയുടെയും ചില വൈദികരുടെയും തൊഴിൽ ചൂഷണത്തിൽ നിന്ന് രക്ഷ നേടാനാണ് സംഘടനയെന്നാണ് ഇവർ പറയുന്നത്.
എറണാകുളം ജില്ലയിലെ ലത്തീന്‍, സീറോ മലബാര്‍ സഭകളിലെ കപ്യാർമാരാണ് ആദ്യഘട്ടത്തിൽ അംഗങ്ങളായത്. ട്രേഡ് യൂണിയനായി രജിസ്റ്റര്‍ ചെയ്ത ശേഷം വിപുലമായ രീതിയില്‍ അംഗത്വ വിതരണം നടത്താണ് തീരുമാനം. പള്ളികൾ വൃത്തിയാക്കുന്ന ജോലി ചെയ്യുന്നവരെയും ഇതിൽ ഉൾപ്പെടുത്തും. രണ്ടു വിഭാഗത്തിലുമായി അന്പതിനായിരത്തോളം പേരുണ്ടാകുമെന്നാണ് കണക്കൂ കൂട്ടൽ. സംഘനയുണ്ടാക്കിയതിന്‍റെ പേരില്‍ പളളികളിൽ നിന്ന് പ്രതികാര നടപടികള്‍ ഉണ്ടായാൽ നിയമപരമായി നേരിടാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam