'മമത ബാനര്‍ജി മറ്റൊരു കിം ജോങ്ങ് ഉന്‍'; ബംഗാളില്‍ 'ചൂടാറാതെ' ബിജെപി

By Web TeamFirst Published Dec 25, 2018, 1:25 PM IST
Highlights

'രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമില്ലാത്ത ഏക സംസ്ഥാനമാണ് ബംഗാള്‍. ബംഗാളിലെ കിം ജോങ്ങ് ഉന്‍ ആകാനാണ് മമത ശ്രമിക്കുന്നത്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം കൊന്നൊടുക്കുന്ന കിമ്മിന്റെ മാതൃകയാണ് മമത പിന്തുടരുന്നത്..'

ദില്ലി: പാര്‍ട്ടി സംഘടിപ്പിക്കാനിരുന്ന റാലിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ മമത ബാനര്‍ജിക്കെതിരെ ബംഗാളില്‍ ബിജെപിയുടെ പരസ്യപ്പോര് കടുക്കുന്നു. മമതയെ, ഏകാധിപതിയെന്ന് പേരുകേട്ട നോര്‍ത്ത് കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗ്. 

'രാജ്യത്ത് ജനാധിപത്യത്തിന് സ്ഥാനമില്ലാത്ത ഏക സംസ്ഥാനമാണ് ബംഗാള്‍. ബംഗാളിലെ കിം ജോങ്ങ് ഉന്‍ ആകാനാണ് മമത ശ്രമിക്കുന്നത്. തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെയെല്ലാം കൊന്നൊടുക്കുന്ന കിമ്മിന്റെ മാതൃകയാണ് മമത പിന്തുടരുന്നത്..'- ഗിരിരാജ് സിംഗ് പറഞ്ഞു. 

ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടത്താനിരുന്ന രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയാണ് അനുമതി നിഷേധിച്ചത്. വര്‍ഗീയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മമത സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോടതി പരിപാടിക്ക് അനുമതി നല്‍കാതിരുന്നത്. ഈ വിധിക്കെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി അറിയിക്കുകയായിരുന്നു. 

ഒരു ജനാധിപത്യരാജ്യത്ത് എവിടെ വേണമെങ്കിലും ആര്‍ക്ക് വേണമെങ്കിലും റാലികള്‍ സംഘടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീംകോടതിയില്‍ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. 

click me!