രാഹുല്‍ഗാന്ധിയുടെ മാനസരോവര്‍ ഫോട്ടോകള്‍ ഫോട്ടോഷോപ്പെന്ന് കേന്ദ്രമന്ത്രി; കണ്ടെത്തിയ കാരണം രസകരം

By Web TeamFirst Published Sep 7, 2018, 7:09 PM IST
Highlights

'രാഹുല്‍ ഗാന്ധി, മാനസരോവറില്‍ പോയോ ഇല്ലയോ, അങ്ങോട്ട് പോകും മുമ്പ് ചിക്കന്‍ കഴിച്ചോ ഇല്ലയോ- ഇതൊന്നും എന്റെ വിഷയങ്ങളല്ല. ബിജെപി ജാതി-മത രാഷ്ട്രീയത്തില്‍ താല്‍പര്യപ്പെടുന്നില്ല'- ഗിരിരാജ് സിംഗ് പറഞ്ഞു.
 

ദില്ലി: കൈലാഷ്- മാനസരോവര്‍ യാത്രക്കിടെ രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കെതിരെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിംഗ്. രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത ഫോട്ടോകളെല്ലാം ഫോട്ടോഷോപ്പ് ആണെന്നാണ് ഗിരിരാജ് സിംഗിന്റെ വാദം. 

ഇതിന് ഗിരിരാജ് സിംഗ് കണ്ടെത്തിയ കാരണം രസകരമാണ്. രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിഴല്‍ കാണുന്നില്ലെന്നാണ് ഗിരിരാജ് സിംഗ് വാദിക്കുന്നത്. അതിനാല്‍ തന്നെ ചിത്രങ്ങളെല്ലാം ഫോട്ടോഷോപ്പാണെന്നാണ് മന്ത്രി ആരോപിക്കുന്നത്. 

'രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധിയാണെങ്കില്‍ ഒരു ആള്‍മാറാട്ടക്കാരനുമാണ്. രാഹുല്‍, മാനസരോവറില്‍ പോയോ ഇല്ലയോ, അങ്ങോട്ട് പോകും മുമ്പ് ചിക്കന്‍ കഴിച്ചോ ഇല്ലയോ- ഇതൊന്നും എന്റെ വിഷയങ്ങളല്ല. ബിജെപി ജാതി-മത രാഷ്ട്രീയത്തില്‍ താല്‍പര്യപ്പെടുന്നില്ല'- ഗിരിരാജ് സിംഗ് പറഞ്ഞു. 

തന്റെ 12 ദിവസ കൈലാഷ്- മാനസരോവര്‍ യാത്രയുടെ ചിത്രങ്ങള്‍ രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെയാണ് പങ്കുവച്ചത്. കൈലാസത്തിന്റെ മഞ്ഞുമൂടിയ ചിത്രങ്ങളും തടാകങ്ങളും കൂട്ടത്തില്‍ യാത്രികര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
 

click me!