യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരന് വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചത് ജമൈക്കയിലേക്കൊരു ഉല്ലാസയാത്ര

By Web TeamFirst Published Sep 20, 2018, 3:54 PM IST
Highlights

യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരനും ഭാര്യയ്ക്കും ഹണിമൂണ്‍ ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ 1500 പൗണ്ടാണ് സ്വരൂപിച്ചത്

ലണ്ടന്‍: യുകെയിലെ ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് പുറത്തുവരുന്നത് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ നന്മയുടെയും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും വാര്‍ത്തയാണ്. യൂണിവേഴ്സിറ്റിയിലെ തൂപ്പുകാരനും ഭാര്യയ്ക്കും ഹണിമൂണ്‍ ആഘോഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ 1500 പൗണ്ടാണ് സ്വരൂപിച്ചത്.

തങ്ങളോട് ഏറ്റവും സ്നേഹത്തോടെ പെരുമാറുന്ന ഉത്സാഹവാനായ ഹെര്‍മന് അവര്‍ നല്‍കിയ സമ്മാനമായിരുന്നു അത്. ഹെര്‍മനും ഭാര്യയ്ക്കും ഈ സമ്മാനം നല്‍കാന്‍ 230 വിദ്യാര്‍ത്ഥികളാണ് ഒത്തുചേര്‍ന്നത്. ബ്രിസ്റ്റള്‍ യൂണിവേഴ്സിറ്റിയിലെ അജ്ഞാത പേജായ ബ്രിസ്റ്റ്രത്സ്, മെയില്‍ ഹെര്‍മനെ 'ഉത്സാഹവാനായ മനുഷ്യ'നെന്ന് വിശേഷിപ്പിച്ചിരുന്നു.

പിറ്റേന്ന് ഹാദി അല്‍ സുബൈദി എന്ന 20 കാരനാണ് ഹെര്‍മന് വേണ്ടി പണം സ്വരൂപിക്കാന്‍ തുടങ്ങിയതായി അറിയിച്ചത്. ഇത് പിന്നീട്  1500 പൗണ്ടില്‍ എത്തുകയായിരുന്നു. ഒരാഴ്ച മുമ്പാണ് പ്രതീക്ഷിച്ച പണം സ്വരൂപിക്കാനായത്. യാത്രയ്ക്കായുള്ള പണം സ്വീകരിക്കുന്ന ഹെര്‍മന്‍റെ കണ്ണ് നിറയുന്ന വീഡിയോ ജൂണില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഹെര്‍മന്‍റെ യാത്രയുടെ ചിത്രങ്ങള്‍ ബ്രിസ്റ്റ്രത്സ് പേജില്‍ പോസ്റ്റ് ചെയ്തു.

ഹെര്‍മന് അവധിക്കാല യാത്ര വളരെ ഇഷ്ടമായി. ഭാര്യ ഡെനിസിനൊപ്പം ജമൈക്കയിലെ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടില്‍ ആയിരുന്നു താമസം. അവരുടെ 23 ാം വിവാഹ വാര്‍ഷികം കൂടിയായിരുന്നു. പിന്നീട് ജമൈക്കയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

'' ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇപ്പോള്‍ ഞാന്‍ കരുതുന്നത് ഞാന്‍ കോടീശ്വരനാണെന്നാണ് '' യാത്രയെ കുറിച്ച് ഹെര്‍മന്‍ പറഞ്ഞു. ആയിരക്കണക്കിന് കമന്‍റുകളാണ് പോസ്റ്റിന് ലഭിച്ചത്.  ബ്രിസ്റ്റളില്‍ സംഭവിച്ച ഏറ്റവും പരിശുദ്ധമായ സംഭവമെന്നാണ് ഒരാള്‍ വിശേഷിപ്പിച്ചത്. 

click me!