ബോർഡ് ഓഫ് പീസിൽ ചേരാനുള്ള യുഎസിന്റെ ക്ഷണം പുനഃപരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യ യോഗത്തിൽ ഇന്ത്യ നിരീക്ഷക രാജ്യമെന്ന നിലയിൽ പങ്കെടുത്തത്.

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ബോർഡ് ഓഫ് പീസിന്‍റെ ആദ്യ യോഗത്തിൽ നിരീക്ഷക രാജ്യമായി ഇന്ത്യ പങ്കെടുത്തു. ബോർഡിൽ ചേരാനുള്ള യുഎസിന്റെ ക്ഷണം പുനഃപരിശോധിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് ആദ്യ യോഗത്തിൽ ഇന്ത്യ നിരീക്ഷക രാജ്യമെന്ന നിലയിൽ പങ്കെടുത്തത്. വാഷിംഗ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിയിലെ നംഗ്യ സി ഖാംപയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

വാഷിംഗ്ടണിലെ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസിൽ നടന്ന യോഗത്തിൽ അൻപതോളം രാജ്യങ്ങൾ പങ്കെടുത്തു. ഇതിൽ അസർബൈജാൻ, ബെലാറസ്, ഈജിപ്ത്, ഹംഗറി, ഇന്തോനേഷ്യ, ഇസ്രയേൽ, ജോർദാൻ, മൊറോക്കോ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, തുർക്കി, യുഎഇ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയുൾപ്പെടെ 27 രാജ്യങ്ങൾ ബോർഡിന്റെ ഭാഗമാണ്. ഇന്ത്യയും യൂറോപ്യൻ യൂണിയനും ഉൾപ്പെടെ ബാക്കിയുള്ള രാജ്യങ്ങൾ നിരീക്ഷകരായാണ് പങ്കെടുത്തത്.

കഴിഞ്ഞ മാസം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ട്രംപ് ബോർഡ് ഓഫ് പീസ് രൂപീകരിച്ചത്. ഐക്യരാഷ്ട്ര സഭയ്ക്ക് എതിരാളിയാകാൻ സാധ്യതയുള്ള സംഘടനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. 'എല്ലാവരും അതിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നു' എന്നാണ് ട്രംപിന്‍റെ അവകാശവാദം. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിന് മേൽനോട്ടം വഹിക്കലും ഗാസയുടെ പുനർനിർമാണവുമാണ് ആദ്യം വിഭാവനം ചെയ്തത്. എന്നാൽ യുഎസ് പ്രസിഡന്‍റ് ബോർഡ് ഓഫ് പീസിനെ അടുത്ത ഘട്ടത്തിലേക്ക് വിപുലീകരിക്കുന്നതാണ് പിന്നീട് കണ്ടത്.

ബോർഡിന്‍റെ ഭാഗമാകുമോയെന്ന് വ്യക്തമാക്കാതെ ഇന്ത്യ

ബോർഡിന്റെ ഭാഗമാകാനുള്ള ക്ഷണം സ്വീകരിക്കുമോ ഇല്ലയോ എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല ദാവോസിലെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. തുടർന്ന് ഫെബ്രുവരി 12 നാണ്, ട്രംപിന്‍റെ ക്ഷണം പരിഗണനയിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചത്. പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഗാസ ഉൾപ്പെടെ മുഴുവൻ മേഖലയിലും സുസ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കുന്ന അത്തരം എല്ലാ സംരംഭങ്ങളെയും നമ്മുടെ പ്രധാനമന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. അതിനാൽ, ബോർഡ് ഓഫ് പീസിൽ ചേരാനുള്ള ക്ഷണം ഞങ്ങൾ പുനഃപരിശോധിക്കുകയാണ്" എന്നാണ് ജയ്‌സ്വാൾ പറഞ്ഞത്.

ബോർഡ് ഓഫ് പീസ് പദ്ധതിയിലേക്ക് ഇതുവരെ ഒൻപത് രാജ്യങ്ങൾ സംയുക്തമായി 700 കോടി ഡോളർ വാഗ്ദാനം ചെയ്തു. ഇന്തൊനീഷ്യ, മൊറോക്കോ, കസാഖിസ്ഥാൻ , കൊസവോ, അൽബേനിയ എന്നീ രാജ്യങ്ങൾ ചേർന്ന് 700 കോടി കൈമാറാൻ സന്നദ്ധത അറിയിച്ചെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ആദ്യം ഗാസയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ട ബോർഡ് ഓഫ് പീസ് പിന്നീട് ഐക്യരാഷ്ട്ര സഭയ്ക്ക് ബദലെന്ന രീതിയിലേക്ക് എത്തിയതോടെയാണ് അംഗമാകാനുള്ള ക്ഷണം പല രാജ്യങ്ങളും നിരസിച്ചത്.