ഉന്നാവോ ബലാത്സം​ഗക്കേസിലെ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ കേസ്

By Web TeamFirst Published Dec 27, 2018, 12:11 PM IST
Highlights

കേസിലെ മറ്റ് പ്രതികളായ ശഷി സിങ്, മകന്‍ ശുഭം സിങ് എന്നിവര്‍ക്ക് വേണ്ടി ശഷി സിങിന്റെ ഭർത്താവ് ഹരിപാല്‍ സിങ് കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ലക്നൗ: ബി ജെ പി എം എൽ എ കുല്‍ദീപ് സിങ് സെനഗര്‍ പ്രതിയായ ഉന്നാവോ ​ബലാത്സം​ഗക്കേസിലെ പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ കേസ്. പെൺകുട്ടിക്കും അമ്മാവനും മാതാവിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തട്ടിപ്പ്, വ്യാജ രേഖ തയ്യാറാക്കൽ, വ്യാജ ഒപ്പിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിരിക്കുന്നത്. ഉന്നാവോയിലെ മാഖി പൊലീസാണ് എഫ് ഐ ആർ തയ്യാറാക്കിരിക്കുന്നത്.

കേസിലെ മറ്റ് പ്രതികളായ ശഷി സിങ്, മകന്‍ ശുഭം സിങ് എന്നിവര്‍ക്ക് വേണ്ടി ശഷി സിങിന്റെ ഭർത്താവ് ഹരിപാല്‍ സിങ് കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുല്‍ദീപ് സിങ് ബലാത്സം​ഗം ചെയ്തുവെന്ന് പറയുന്ന പെൺകുട്ടി തന്റെ കാമുകനായ അവാദേശ് തിവാരിയുമെത്ത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒളിച്ചോടിയതാണെന്ന് ഹരിപാലിന്റെ ഹർജിയിൽ ആരോപിക്കുന്നു.

പെൺകുട്ടി തിരിച്ചു വന്നാൽ തന്റെ മകനുമായി വിവാഹം കഴിപ്പിക്കാൻ പെണ്‍കുട്ടിയുടെ കുടുംബം നിർബന്ധിച്ചിരുന്നു. എന്നാൽ  ഈ ആവശ്യം അം​ഗീകരിക്കാത്തതിനാലാണ് തന്റെ മകനെയും ഭാര്യയെയും പ്രതിയാക്കിയതെന്നും ഹരിപാൽ ആരോപിച്ചു. കൂടാതെ കുട്ടിക്ക് പ്രായ പൂർത്തിയായില്ലെന്ന് വരുത്തി തീർക്കാൻ വ്യാജ രേഖകൾ തയ്യാറാക്കിയെന്നും ഹർജിയിൽ പറയുന്നു.

കുല്‍ദീപ് സിങ് സെനഗര്‍ കുറ്റക്കാരനാണെന്ന് സി ബി ഐ കണ്ടെത്തിരുന്നു. ഇയാളോടൊപ്പം ശഷി സിങിനെയും ശുഭം സിങിനെയും കൂടാതെ എട്ടുപേരും പ്രതിപ്പട്ടികയിലുണ്ട്. 2017ൽ ജോലി നൽകാമെന്നു പറഞ്ഞ് എം എൽ എയുടെ കൂട്ടാളിയായ ശഷി സിങ് പെൺകുട്ടിയെ സെൻഗറിന്റെ വീട്ടിലെത്തിച്ചു. ആദ്യം ചൂഷണം നടന്ന വിവരം പുറത്തുപറയാതിരുന്ന പെൺകുട്ടിയെ ജൂൺ 11 ന് ശുഭം സിങ്, അവധ് നാരായൺ, ബ്രിജേഷ് യാദവ് എന്നിവർ ചേർന്നു തട്ടിക്കൊണ്ടുപോയി. ജൂൺ 19 വരെ വാഹനത്തിൽ വെച്ചും കുട്ടിയെ മാനഭംഗത്തിനിരയാക്കുകയുമായിരുന്നു.

ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനായി പെണ്‍കുട്ടി എത്തിയപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. തുടർന്ന് പ്രതിഷേധം ശക്തമായതോടെ കുല്‍ദീപ് സിംഗ് സെന്‍ഗാർ, ശഷി സിങ് എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
 

click me!